സാംസങിന്റെ 'ഗാലക്‌സി അണ്‍പാക്ക്ഡ്' പരിപാടി ഓഗസ്റ്റ് അഞ്ചിന് നടക്കും. കമ്പനിയുടെ പുതിയ ഉപകരണങ്ങളും സാങ്കേതിക വിദ്യയും പരിപാടിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി ഫോള്‍ഡ് 2 സ്മാര്‍ട്‌ഫോണും പരിപാടിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

സാംസങ് യുകെ ട്വിറ്ററില്‍ പങ്കുവെച്ച ഒരു ടീസര്‍ വീഡിയോയുടെ അടിക്കുറിപ്പ് ' എ ന്യൂ ലുക്ക് അണ്‍ഫോള്‍ഡ്‌സ്' എന്നാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഗാലക്‌സി ഫോള്‍ഡ് സ്മാര്‍ട്‌ഫോണില്‍ ഉപയോഗിച്ച ശലഭത്തിന്റെ ലോഗോ പുതിയ ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ 'മിസ്റ്റിക് ബ്രോണ്‍സ്' നിറത്തിലാണ് ഈ ശലഭ ചിഹ്നം നല്‍കിയിരിക്കുന്നത്. ഗാലക്‌സി അണ്‍പാക്ക്ഡ് പരിപാടിയുടെ പ്രമേയ നിറങ്ങളിലൊന്ന് മിസ്റ്റിക് ബ്രോണ്‍സ് ആണ്. 

ഗാലക്‌സി നോട്ട് 20 അള്‍ട്രാ, ഗാലക്‌സി ബഡ്‌സ്, എന്നിവയും ഇതേ നിറത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ശലഭ ചിഹ്നം ഫോള്‍ഡ് സ്മാര്‍ട്‌ഫോണിനെ പ്രതിനിധീകരിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. അക്കാരണം കൊണ്ടുതന്നെ ഇത്തവണത്തെ പരിപാടിയില്‍ ഗാലക്‌സി ഫോള്‍ഡിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കിയേക്കും. 

ഗാലക്‌സി ഫോള്‍ഡിനെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍

ഗാലക്‌സി ഫോള്‍ഡ് 2 അല്ലെങ്കില്‍ ഗാലക്‌സി സെഡ് ഫോള്‍ഡ് 2 എന്ന പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണിന് 7.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉണ്ടാവുമെന്നാണ് പുറത്തുവന്ന വിവരങ്ങള്‍, ഈ സ്‌ക്രീന്‍ ആയിരിക്കും ഫോള്‍ഡിനുള്ളില്‍ ഉണ്ടാവുക. ഫോള്‍ഡിന്റെ പുറത്തുള്ള സ്‌ക്രീന്‍ 6.23 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും.

ക്വാല്‍കോമിന്റെ പുതിയ സ്‌നാപ്ഡ്രാഗണ്‍ 865 പ്ലസ് പ്രൊസസര്‍ ആയിരിക്കും പുതിയ ഫോള്‍ഡബിള്‍ ഫോണിന്. ആകെ 4365 എംഎഎച്ച് ശേഷിയുള്ള ബാറ്ററികള്‍ ആയിരിക്കും ഇതില്‍. വയര്‍ ഉപയോഗിച്ചും അല്ലാതെയും ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായേക്കും. ഒപ്പം അതിവേഗ ചാര്‍ജിങ് സൗകര്യവും ഉണ്ടാവും. 

ഫോള്‍ഡിനുള്ളില്‍ പത്ത് എംപി ക്യാമറ സെന്‍സറും പുറത്ത് 64 എംപി ക്യാമറ പ്രധാന സെന്‍സറായെത്തുന്ന ട്രിപ്പിള്‍ ക്യാമറ സംവിധാനവുമായിരിക്കും ഉണ്ടാവുക. ഇതില്‍ 12 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 12 എംപി വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവ ഉണ്ടാവും. 

ഫോണില്‍ 5ജി പിന്തുണ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

Content Highlights: Samsung Galaxy Fold 2 launch on August 5