ഷാവോമി വൈസ് പ്രസിഡന്റും റെഡ്മി ജനറല്‍ മാനേജരുമായ ലു വെയ്ബിങ് പുറത്തിറക്കാന്‍ പോകുന്ന പുതിയ റെഡ്മി സ്മാര്‍ട്‌ഫോണിന്റെ ടീസര്‍ പുറത്തുവിട്ടു. ഒരു മികച്ച പ്രവര്‍ത്തനക്ഷമതയുള്ള സ്മാര്‍ട്‌ഫോണ്‍ എന്ന രീതിയിലാണ് പുതിയ ഫോണിനെ പരിചയപ്പെടുത്തുന്നത്. പുതിയ 5ജി റെഡ്മി ഫോണ്‍ പുറത്തിറക്കാനും ഷാവോമി തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഇത് കൂടാതെ പുറത്തിറക്കാന്‍ പോകുന്ന കുറഞ്ഞ നിരക്കിലുള്ള മറ്റൊരു സ്മാര്‍ട്‌ഫോണും റെഡ്മി ബ്രാന്റിന് കീഴില്‍ അവതരിപ്പിക്കാന്‍ ഷാവോമിയ്ക്ക് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

എന്തായാലും പുതിയതായി പുറത്തിറക്കാന്‍ പോകുന്ന റെഡ്മി സ്മാര്‍ട്‌ഫോണിനെ കുറിച്ച് ലു വെയ്ബിങ് കാര്യമായ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അപ്രതീക്ഷിതം, മികച്ച പ്രകടനം എന്നിവ അര്‍ത്ഥമാക്കുന്ന വാക്കുകളാണ് ചൈനീസ് സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ വെയ്‌ബോയില്‍ അദ്ദേഹം പങ്കുവെച്ചത്.

ഈ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ 5ജി സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മീഡിയാ ടെക്കിന്റെ ഒരു പോസ്റ്റും അദ്ദേഹം വെയ്‌ബോയില്‍ പങ്കുവെച്ചു. പുതിയ ഡൈമെന്‍സിറ്റി പ്രൊസസര്‍ ചിപ്പിനെ കുറിച്ചുള്ളതാണ് അത് എന്നാണ് വിവരം. മേയ് പതിനെട്ടിന് മീഡിയാ ടെക്ക് ഒരു അവതരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. 

റെഡ്മിയില്‍ നിന്നും ചില സര്‍പ്രൈസുകള്‍ വരുന്നുണ്ടെന്ന് ലു വെയ്ബിങ് അടുത്തിടെ പറഞ്ഞിരുന്നു. പുതിയ ഫോണും ഈ സര്‍പ്രൈസില്‍ പെടുന്നതാണ് എന്നാണ് കരുതുന്നത്. ഇത് കൂടാതെ ഒരു 5ജി ഫോണും കുറഞ്ഞ നിരക്കിലുള്ള മറ്റൊരു ഫോണും റെഡ്മിയില്‍ നിന്നും പ്രതീക്ഷിക്കുന്നു. 

കമ്പനി മേധാവി തന്നെ ടീസര്‍ പുറത്തിറക്കിയതിനാല്‍ അധികം വൈകാതെ തന്നെ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് സാധ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

Content Highlights: Redmi Chief Lu Weibing Teases a New ‘Super Performance’ Smartphone