സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണുമായി റിയല്‍മി എത്തുന്നു. റിയല്‍മി ജിടി മാസ്റ്റര്‍ എഡീഷന്‍, റിയല്‍മി എക്‌സ് 7 മാക്‌സ് എന്നീ ജനപ്രിയ ഫോണുകള്‍ക്ക് ശേഷം റിയല്‍മി അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ഫോണ്‍ തന്നെ ആവും റിയല്‍മി ജിടി2 -പ്രോ. അടുത്തവര്‍ഷം ആദ്യ പാദത്തോടെ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഫോണിന്റെ ചല സവിശേഷതകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഐഎംഈഐ ഡാറ്റാബേസ്, ഇഇസി സര്‍ട്ടിഫിക്കേഷന്‍ പോലെയുള്ള സൈറ്റുകളില്‍ ഫോണിന്റെ വിവരങ്ങള്‍ ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്ത് കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രോസസ്സര്‍, ക്യാമറ, ബാറ്ററി, സ്റ്റോറേജ്, കണക്റ്റിവിറ്റി ഫീച്ചറുകളും പ്രതീക്ഷിക്കപ്പെടുന്ന വിലയുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്.

റിയല്‍മി ജിടി 2 പ്രോയുടെ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 898 (Qualcomm Snapdragon 898) പ്രോസസ്സര്‍ ആണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ സ്മാര്‍ട്ട്ഫോണിന്റെ ചിപ്സെറ്റ് ഒരു എല്‍പിഡിഡിആര്‍ 5 റാമിലേക്കും (LPDDR5 RAM) യുഎഫ്എസ് 3.1 (UFS 3.1) സ്റ്റോറേജിലേക്കും ജോടിയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കുന്നു. റിയല്‍മി യുഐ 3.0 യും ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 12 ( Android 12 ) -നോട് കൂടിയാവും ഫോണ്‍ വിപണിയിലെത്തുക.

RMX 3301 എന്ന മോഡല്‍ നമ്പറിലുള്ള റിയല്‍മി ജിടി 2 പ്രോയ്ക്ക് 20:9 വീക്ഷണാനുപാതം, ഉയര്‍ന്ന റീഫ്രഷ് റേറ്റ്, 404ppi പിക്സല്‍ സാന്ദ്രത എന്നിവയുള്‍പ്പെട്ട  6.51 ഇഞ്ച് ഫുള്‍-എച്ച്ഡി+ അമോലെഡ് ഡിസ്പ്ളേ ലഭിക്കും. കൂടാതെ, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോട്  (OIS) കൂടിയ 50 മെഗാപിക്‌സല്‍ പ്രൈമറി റിയര്‍ ക്യാമറയും മുന്‍വശത്ത് 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

125W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടോട് കൂടിയ 5,000mAh ബാറ്ററിക്ക് ലഭിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍, നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോണിന്റെ ചാര്‍ജിംഗ് ശേഷി 65W ആയി പരിമിതപ്പെടുത്തുമെന്നാണ് പറഞ്ഞിരുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ വൈഫൈ വേര്‍ഷന്‍ 6 (Wi-Fi 6), ബ്ലൂടൂത്ത്  v5.2 എന്നിവ ഉള്‍പ്പെടുത്താനാണ് സാധ്യത.

റിയല്‍മി ജിടി2 പ്രോ യുടെ പ്രതീക്ഷിക്കുന്ന വില

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോണിന്റെ വില 4,000 യുവാന്‍ അതായത് ഏകദേശം 46,500/- രൂപ ആയിരിക്കുമെന്ന് പറയപ്പെടുന്നു, അതേസമയം സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന് 5,000 യുവാന്‍ (ഏകദേശം 58,200/- രൂപ) വില പ്രതീക്ഷിക്കുന്നു. എന്നാല്‍ വിലയെ സംബന്ധിച്ചോ സവിശേഷതകളെ സംബന്ധിച്ചോ ഉള്ള യാതൊരു വിവരങ്ങളും റിയല്‍മി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Content Highlights : Realme GT 2 Pro may get the Snapdragon 898 and 125w Fast charging - Leaked Specifications in detail