റിയല്‍മിയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്‌ഫോണ്‍ റിയല്‍മി ജിടി 2 പ്രോ ഡിസംബര്‍ 20-ന് പുറത്തിറങ്ങും. റിയല്‍മി ജിടി2 പ്രോയ്‌ക്കൊപ്പം റിയല്‍മി ജിടി 2-വും പുറത്തിറക്കും. ചൈനയില്‍ ഫോണ്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കമ്പനി ഫോണിന്റെ ടീസര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 

ഇന്ത്യയില്‍ ഫോണ്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇനിയത് അധികം വൈകാനിടയില്ല. കാരണം റിയല്‍മി ജിടി2 ഇപ്പോള്‍ കമ്പനിയുടെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ ലോഞ്ചിന് മുന്നോടിയാണെന്ന് വിലയിരുത്തപ്പെടുന്നു. 

റിയല്‍മി ജിടി2 പ്രോയില്‍ 150 ഡിഗ്രി അള്‍ട്രാ വൈഡ് ക്യാമറയുണ്ടാകുമെന്നും ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണന്‍ 8ജെന്‍ 1 ചിപ്പ് സെറ്റാവും ഇതിലെന്നുമാണ് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍. 

2015-ല്‍ പുറത്തിറങ്ങിയ നെക്‌സസ് 6പി ഫോണിന് സമാനമായ രൂപകല്‍പനയായിരിക്കും റിയല്‍മി ജിടി2 പ്രോയ്‌ക്കെന്നും പുറത്തുവന്ന ചിത്രങ്ങള്‍ സൂചന നല്‍കുന്നു. മുകള്‍ ഭാഗത്ത് തിരശ്ചീനമായി സ്ഥാപിച്ച കറുത്ത പശ്ചാത്തലത്തിലുള്ള ക്യാമറ മോഡ്യൂള്‍ ആണ് ഇതിന് കാരണം. നെക്‌സസ് 6പിയില്‍ നിന്ന് വ്യത്യസ്തമായി ക്യാമറ മോഡ്യൂള്‍ പുറത്തേക്ക് തള്ളിനില്‍കും വിധത്തിലാണെന്നും ചിത്രം സൂചന നല്‍കുന്നു. 

6.8 ഇഞ്ച് WQHD+OLED ഡിസ്‌പ്ലേ ആയിരിക്കും റിയല്‍മി ജിടി2 പ്രോയ്ക്ക്.  120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാവും. സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 പ്രൊസസറിന്റെ പിന്‍ബലത്തില്‍ ഫോണിന് കൂടുതല്‍ പ്രവര്‍ത്തന മികവ് ലഭിക്കും. 12 ജിബി വരെ റാം ശേഷിയും 256 ജിബി വരെ ഓണ്‍ ബോര്‍ഡ് സ്‌റ്റോറേജും ഇതില്‍ ലഭിച്ചേക്കും. 

ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് റിയല്‍മി ജിടി2 പ്രോയ്ക്കുണ്ടാവുക. ഇതില്‍ 50 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും, 50 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയും എട്ട് മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സും ഉണ്ടാവും. 32 മെഗാപിക്‌സല്‍ ക്യാമറയാണ് സെല്‍ഫിയ്ക്കുണ്ടാവുക. 

റിയല്‍മി ജിടി2 പ്രോയില്‍ 65 വാട്ട് അതിവേഗ ചാര്‍ജിങ് ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 5000 എംഎഎച്ച് ബാറ്ററിയായിരിക്കും ഇതില്‍.

Content Highlights: Realme GT 2 appeared on company's website India launch likely soon