ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 480 മൊബൈല്‍ പ്ലാറ്റ് ഫോം പുറത്തിറക്കി. സ്‌നാപ്ഡ്രാഗണ്‍ 4 സീരീസില്‍ ആദ്യമായാണ് 5ജി സാങ്കേതികവിദ്യ സന്നിവേശിപ്പിക്കുന്നത്. ഇതോടെ, ഒട്ടേറെ ബജറ്റ് സ്മാര്‍ട്‌ഫോണുകളിലേക്ക് 5ജി സാങ്കേതിക വിദ്യ എത്തും.
എച്ച്എംഡി ഗ്ലോബല്‍, ഓപ്പോ, വിവോ പോലുള്ള കമ്പനികള്‍ ഇതിനകം പുതിയ 5ജി പ്രൊസസര്‍ ചിപ്പിലുള്ള ഫോണുകള്‍ പുറത്തിറക്കാന്‍ തയ്യാറായിട്ടുണ്ട്.
5ജി സാങ്കേതിക വിദ്യയെ കൂടാതെ, ഒട്ടേറെ പരിഷ്‌കാരങ്ങളുമായാണ് പുതിയ സ്‌നാപ്ഡ്രാഗണ്‍ 4 സീരീസ് ചിപ്പ് എത്തിയിരിക്കുന്നത്. 5ജിയ്ക്ക് അനുസൃതമായി പരിഷ്‌കരിച്ച പുതിയ വൈഫൈ ഫീച്ചറുകള്‍ അതില്‍ ചിലതാണ്. കൂടാതെ, ബ്ലൂടൂത്ത് 5.1, മെച്ചപ്പെട്ട വയര്‍ലെസ് ഓഡിയോ, ഡ്യുവല്‍ ഫ്രീക്വന്‍സി ജിപിഎസ് ഗതിനിര്‍ണയത്തിനായി നാവിക് എന്നിവ പുതിയ ചിപ്പിലുണ്ട്.
120 എഫ്പിഎസില്‍ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ പിന്തുണയുണ്ട്. ഗെയിമിങ്, സ്ട്രീമിങ് എന്നിവയ്ക്കായുള്ള ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 13 എംപി വരെയുള്ള ക്യാമറകള്‍ സ്‌നാപ്ഡ്രാഗണ്‍ 480 പ്രൊസസര്‍ പിന്തുണയ്ക്കും. 720 പിക്‌സല്‍ വീഡിയോ ചിത്രീകരിക്കാനുമാവും.
സ്‌നാപ്ഡ്രാഗണ്‍ 480 പിന്തുണയില്‍ വരുന്ന ഫോണുകളില്‍ മികച്ച പ്രവര്‍ത്തനക്ഷമതയും ബാറ്ററി ദൈര്‍ഘ്യവും ലഭിക്കും. 8 എന്‍എം 2.0 GHz ക്രയോ 460 സിപിയു, ക്വാല്‍കോം അഡ്രിനോ 619 ജിപിയു, ക്വാല്‍കോം ഹെക്‌സാഗണ്‍ 686 പ്രൊസസര്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ ചിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ബജറ്റ് ഫോണുകള്‍ക്കായുള്ള പ്രൊസസര്‍ ചിപ്പിലേക്ക് 5ജി എത്തുന്നതോടെ 2021-ല്‍ കൂടുതല്‍ 5ജി ഫോണുകള്‍ വിപണിയിലെത്തിയേക്കും.
Content Highlights: qualcomm snapdragon 480 announced bugdet smartphones get 5g soon