പോകോയുടെ അടുത്ത ബജറ്റ് നിരക്കിലുള്ള ഫോണ്‍ പോകോ എം3 ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്ന പോകോ എ3 യുടെ സവിശേഷതകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആഗോള വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ള ഫോണ്‍ ആയതിനാല്‍ അതിലുള്ള പല ഫീച്ചറുകളും ഇന്ത്യയിലും പ്രതീക്ഷിക്കാവുന്നതാണ്. 

6.53 ഇഞ്ച് സ്‌ക്കീനില്‍ ഫുള്‍എച്ച്ഡി പ്ലസ് റസലൂഷനുണ്ട്. കോണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം ഫോണിനുണ്ട്. 

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രൊസസര്‍ ചിപ്പിനൊപ്പം അഡ്രിനോ 610 ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുമുണ്ടാവും. 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍ ഇന്ത്യന്‍ പതിപ്പിലുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. 

പോകോ എം3 യുടെ ഇന്ത്യന്‍ പതിപ്പിന് ആറ് ജിബി റാം ഉണ്ടാവുമെന്ന് കമ്പനി അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. ആഗോള പതിപ്പില്‍ നാല് ജിബി റാം ആണുള്ളത്. ഇത് ഇന്ത്യന്‍ പതിപ്പിനെ ഒരു പടി മുന്നില്‍ നിര്‍ത്തുന്നു. 

പോകോ എം3യുടെ ആഗോള പതിപ്പില്‍ 48എംപി പ്രധാന ലെന്‍സ് ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സംവിധാനമാണുള്ളത് സെല്‍ഫിയ്ക്കായി എട്ട് എംപി ലെന്‍സ് നല്‍കിയിരിക്കുന്നു.

യുഎഫ്എസ് 2.1 യുഎഫ്എസ് 2.2 സ്‌റ്റോറേജ് ആണ് പോകോ എം3 ആഗോള പതിപ്പിന്റെ 64 ജിബി, 128 ജിബി പതിപ്പുകള്‍ക്ക് നല്‍കിയിരിക്കുന്നത്.  ഇതുവഴി ഫയലുകള്‍ കൈകാര്യം ചെയ്യുന്ന വേഗം വര്‍ധിക്കും. ഈ അതിവേഗ സ്‌റ്റോറേജ് സാങ്കേതിക വിദ്യ ഇന്ത്യന്‍ പതിപ്പിലും ഉണ്ടാവും. 

സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ തന്നെയാവും ഇന്ത്യന്‍ പതിപ്പിനും ഉണ്ടാവുക എന്നാണ് കരുതുന്നത്. 6000 എംഎഎച്ച് ബാറ്ററിയില്‍ 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. 10000 രൂപയ്ക്കും 11000 രൂപയ്ക്കും ഇടയിലാവും ഇതിന് വിലയെന്ന് പ്രതീക്ഷിക്കുന്നു. 

Content Highlights: poco m3 launch in india february 2