ഗൂഗിളിന്റെ പുതിയ പിക്‌സല്‍ 2 എക്‌സ് . എല്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങിയത് മുതല്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങളാണ്. സ്‌ക്രീന്‍ കത്തിപ്പോവുക, വിചിത്രമായ ക്ലിക്ക് ശബ്ദം കേള്‍ക്കുക, ക്വാളിറ്റി ടെസ്റ്റില്‍ പരാജയപ്പെടുക, ഫോണുകളില്ലാത്ത കാലി പായ്ക്കറ്റ് വിതരണത്തിനെത്തിക്കുക തുടങ്ങി ഒന്നൊഴിയാത്ത പ്രശ്‌നങ്ങളാണ്. 

ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടനുസരിച്ച് ഓപറേറ്റിങ് സിസ്റ്റം പോലും ഇല്ലാത്ത ഫോണുകളാണ് ചിലര്‍ക്ക് ലഭിച്ചതത്രേ. ആന്‍ഡ്രോയിഡ് പോലീസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

Photo
Photo: @trevorftard / Imgur

ഓഎസ് ഇല്ലാതെ ലഭിച്ച ഫോണുകളില്‍ ആവശ്യമായ ഓഎസ് കണ്ടെത്താനായില്ലെന്നും ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്നുമുള്ള സന്ദേശമാണ് കാണുന്നത്. ഒപ്പം ഒരു യുആര്‍എല്‍ ലിങ്കും നല്‍കിയിട്ടുണ്ട് ഈ ലിങ്കില്‍ പോയാലും ഫോണ്‍ പ്രവര്‍ത്തനയോഗ്യമാക്കാന്‍ സാധിക്കുന്നില്ല. 

തകരാറുകള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ എത്രയും പെട്ടെന്ന് അവ തിരികെ ഏല്‍പ്പിക്കുക എന്നതാണ് നിലവില്‍ ഏകമാര്‍ഗം. എന്തായാലും ഫോണുകളുടെ വില്‍പനയ്ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ് പുതിയ പ്രശ്‌നങ്ങള്‍.