ചാര്‍ജിങ് സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഓപ്പോ. പൂര്‍ണമായും വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്‌ഫോണിലൂടെ അത് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കമ്പനി. 

ചൊവ്വാഴ്ച ആരംഭിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഓപ്പോ അവതരിപ്പിച്ച ഓപ്പോ എക്‌സ് 2021 എന്ന സ്മാര്‍ട്‌ഫോണ്‍ ചാര്‍ജിങ് മാറ്റില്‍നിന്നു പത്ത് മീറ്റര്‍ അകലെനിന്നു പോലും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 

ഉപകരണത്തിലേക്ക് 7.5 വാട്ട് വരെ വൈദ്യുതി എത്തിക്കാന്‍ കഴിയുന്ന മാഗ്‌നറ്റിക് റെസൊണന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. കേബിളോ ചാര്‍ജിങ് സ്റ്റാന്‍ഡോ ആവശ്യമില്ല. 

അതേസമയം, ചാര്‍ജിങ് സാങ്കേതികവിദ്യ അവതരിപ്പിച്ചുകൊണ്ട് ഓപ്പോ പ്രദര്‍ശിപ്പിച്ച ഫോണും ഏറെ സവിശേഷതയുള്ളതാണ്.

ഒരു ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീന്‍ വലിപ്പം ഒരു ടാബ് ലെറ്റിനെ പോലെ വലുതാവുന്ന റോളബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ മാതൃകയാണ് ഓപ്പോ എക്‌സ് 2021 സ്മാര്‍ട്‌ഫോണ്‍. ഫോണിനെ കുറിച്ചുള്ള അധിക വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 

ട്രൂലി വയര്‍ലെസ് ചാര്‍ജിങ് സാങ്കേതികവിദ്യ നേരത്തെതന്നെ നിലവിലുണ്ടെങ്കിലും അത് സ്മാര്‍ട്‌ഫോണുകളില്‍ അധികം ലഭ്യമാക്കിത്തുടങ്ങിയിട്ടില്ല. അതേസമയം, ഓപ്പോ മാത്രമല്ല വയര്‍ലെസ് സാങ്കേതികവിദ്യയ്ക്ക് വേണ്ടി ശ്രമിക്കുന്നത്. ഷാവോമിയ്ക്കും എംഐ എയര്‍ ചാര്‍ജ് എന്ന പേരില്‍  സ്വന്തം വയര്‍ലെസ് സാങ്കേതികവിദ്യയുണ്ട്. നിശ്ചിത ദൂരപരിധിയില്‍ 5 വാട്ട് വരെ വൈദ്യുതിയെത്തിക്കാന്‍ എംഐ എയര്‍ ചാര്‍ജിന് സാധിക്കും. 

Content Highlights: oppo rollable screen concept smartphone with truly wireless charging