ഓപ്പോ യുടെ ഓപ്പോ എ36 സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ഗണത്തില്‍ വരുന്ന ഈ ഫോണിന് 5000 എംഎഎച്ച് ബാറ്ററിയും 6.52 ഇഞ്ച് എല്‍സിഡി എച്ച്ഡിപ്ലസ് ഡിസ്‌പ്ലേയും ഉണ്ട്. 1600x720 റസലൂഷനുള്ള സ്‌ക്രീനില്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 

സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസറാണിതില്‍ എന്നാണ് വിവരം. 8 ജിബി വരെയുള്ള LPDDR4x റാമും 256 ജിബി വരെ യുഎഫ്എസ് 2.2 സ്‌റ്റോറേജും ഉണ്ടാവും. മൈക്രോ എസ്ഡി സ്ലോട്ട് ലഭ്യമാണ്. ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 11.1 ആണിതില്‍. 

പിന്‍ഭാഗത്തെ ഡ്യുവല്‍ കാമറയില്‍ 13 എംപി, രണ്ട് എംപി സെന്‍സറുകള്‍ ഉള്‍പ്പെടുന്നു. സ്‌ക്രീനിന് മുകളില്‍ ഇടത് ഭാഗത്തായി നല്‍കിയ പഞ്ച് ഹോളിലാണ് സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നത്. 8 എംപി ക്യാമറയാണിതില്‍. 

5000 എംഎഎച്ച് ബാറ്ററിയില്‍ 10 വാട്ട് ചാര്‍ജിങ് സൗകര്യമുണ്ട്. നീല, കറുപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. ചൈനയില്‍ 1599 യുവാന്‍ ആണ് വില. ഇത് ഏകദേശം 18500 രൂപയോളം വരും. ജനുവരി 14 മുതലാണ് ഇതിന്റെ വില്‍പന ആരംഭിക്കുന്നത്. 

Content Highlights: Oppo A36 with 5000mAh battery, Snapdragon 680 processor launched