ണ്‍പ്ലസ് നോര്‍ഡ് 2 5ജി സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ചു. ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. ഫോണ്‍ ഉടമയ്ക്ക് സാരമായ പൊള്ളലുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍. എന്തായാലും സംഭവത്തില്‍ വണ്‍പ്ലസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് ആദ്യമായല്ല വണ്‍പ്ലസ് നോര്‍ഡ് 2 5ജി പൊട്ടിത്തെറിക്കുന്നത്. നേരത്തെയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സുഹിത് ശര്‍മ എന്നയാളാണ് പൊട്ടിത്തെറിച്ച ഫോണിന്റേയും പൊള്ളലേറ്റ ഭാഗവും വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. 

വണ്‍പ്ലസില്‍ നിന്നും ഇത് തീരെ പ്രതീക്ഷിച്ചില്ലെന്നും. നിങ്ങളുടെ ഉല്‍പ്പന്നം എന്താണ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് കണ്ടുനോക്കൂ എന്നും സുഹിത് ശര്‍മ ട്വീറ്റില്‍ കുറിക്കുന്നു. ഇതിന്റെ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറായിക്കോളൂ, ജനങ്ങളുടെ ജീവന്‍ വെച്ചുകളിക്കരുത്. പരിക്കേറ്റയാള്‍ ഏറെ ബുദ്ധിമുട്ടിലാണെന്നും ഉടന്‍ ബന്ധപ്പെടൂവെന്നും സുഹിത് വണ്‍ പ്ലസിനോട് ആവശ്യപ്പെട്ടു. നവംബര്‍ മൂന്നിന് പങ്കുവെച്ച ട്വീറ്റ് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 

Oneplus Nord 2 5gവണ്‍പ്ലസ് നോര്‍ഡ് എന്ന ഫോണിന്റെ പിന്‍ഗാമിയായി ജൂലായിലാണ് വണ്‍പ്ലസ് 2 5ജി പുറത്തിറക്കിയത്. ഓഗസ്റ്റില്‍ തന്നെ വണ്‍പ്ലസ് നോര്‍ഡ് 2 5ജി പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്ന് ബെംഗളുരുവിലെ ഒരു യുവതിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. സെപ്റ്റംബറില്‍ ഡെല്‍ഹിയിലെ ഒരു അഭിഭാഷകന്റെ ഗൗണിനുള്ളില്‍ നിന്നും ഈ ഫോണ്‍ പൊട്ടിത്തെറിച്ചു. 

അതേസമയം ഫോണിനെ കൂടാതെ വണ്‍പ്ലസ് നോര്‍ഡ് 2 5ജിയുടെ ചാര്‍ജര്‍ പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് പക്ഷെ ചാര്‍ജറിന്റെ പ്രശ്‌നമല്ല എന്നായിരുന്നു കമ്പനിയുടെ പ്രതികരണം.

വണ്‍പ്ലസ് നോര്‍ട് 2 പാക് മാക് എഡിഷന്‍ പുറത്തിറക്കാന്‍ പോവുന്നതിനിടയിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ഫോണ്‍ ആമസോണില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 37999 രൂപയ്ക്കാണ് ഇത് വില്‍പനയ്‌ക്കെത്തുക.

 

Content Highlights : OnePlus Nord 2 5G Allegedly Explodes Causing Severe Burns