ജൂലായ് രണ്ടിന് വണ്‍പ്ലസ് 6 ന്റെ കടുംചുവപ്പ് നിറത്തിലുള്ള പതിപ്പ് വിപണിയിലിറക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിനോടനുബന്ധിച്ച് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 'Now initiating: C61422. Do you wish to continue?' reads OnePlus' എന്ന അടിക്കുറിപ്പോടെയാണ് ടീസര്‍ വീഡീയോ വണ്‍പ്ലസ് ട്വിറ്ററില്‍ പങ്കുവെച്ചത്. C61422 എന്നത് കടും ചുവപ്പ് നിറത്തിന്റെ ആര്‍ജിബി കളര്‍ കോഡ് ആണ്. അതേസമയം വണ്‍പ്ലസ് 6 ന്റെ ചുവപ്പ് നിറത്തിലുള്ള പതിപ്പിന്റെ ചിത്രങ്ങള്‍ സ്ലാഷ് ലീക്ക്സ് വെബ്സൈറ്റ് ചോര്‍ത്തിയിരുന്നു.
നിറത്തിലല്ലാതെ മറ്റൊരു മാറ്റവും ഫോണ്‍ ഫീച്ചറുകളില്‍ വരാന്‍ സാധ്യതയില്ല. ഗ്ലോസി റെഡ് നിറത്തിലുള്ള ബാക്ക് കവറില്‍ വെള്ള നിറത്തിലുള്ള വണ്‍പ്ലസ് ലോഗോ ആയിരിക്കും ഫോണിന്റെ ബാഹ്യ രൂപകല്പ്പനയെന്ന് സ്ലാഷ്ലീക്ക് ചോര്‍ത്തിയ ചിത്രങ്ങള്‍ സൂചന നല്കുന്നു.
എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമായിരിക്കും ഡാര്‍ക്ക് റെഡ് പതിപ്പിനുണ്ടാവുക. പക്ഷെ ഇത് സ്ഥിരീകരിക്കുന്നതിനും മറ്റ് സ്റ്റോറേജ് വാരിയന്റുകള്‍ ഉണ്ടാകുമോ എന്ന് അറിയുന്നതിനും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും വരെ കാത്തിരിക്കേണ്ടി വരും.
കഴിഞ്ഞ വര്‍ഷം വണ്‍പ്ലസിന്റെ തന്നെ മറ്റൊരു സ്മാര്‍ട്ഫോണായ വണ്‍പ്ലസ് 5ടിയുടെ ലാവാ റെഡ് കളര്‍ പതിപ്പ് യഥാര്‍ത്ഥ പതിപ്പിന്റെ അതേ വിലയില്‍ അവതരിപ്പിച്ചിരുന്നു. വണ്‍പ്ലസ് 6 നും ആ രീതി തന്നെയായിരിക്കും കമ്പനി പിന്തുടരുക.
മേയിലാണ് വണ്‍പ്ലസ് 6 സ്മാര്‍ട്ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. മിഡ്നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറക്കിയത്.
ഇന്ത്യയില്‍ 34,999 രൂപയിലാണ് വണ്‍പ്ലസിന്റെ വില തുടങ്ങുന്നത്. ആറ് ജിബി+64 ജിബി പതിപ്പിനാണ് ഈ വില. എട്ട് ജിബി + 12 ജിബി സ്റ്റോറേജ് പതിപ്പിന് 39,999 രൂപയാണ് വില. സില്‍ക്ക് വൈറ്റ് ലിമിറ്റ് എഡിഷനില്‍ എട്ട് ജിബി + 128 ജിബി സ്റ്റോറേജ് പതിപ്പ് മാത്രമാണുള്ളത്. വണ്‍പ്ലസ് മിഡ്നൈറ്റ് ബ്ലാക്ക് പതിപ്പിലുള്ള എട്ട് ജിബി റാം + 256 ജിബി പതിപ്പിന് 43,999 രൂപയുമാണ് വില.
സവിശേഷതകള്‍
19:9 അനുപാതത്തില്‍ 2,258 x 1080 പിക്സലിന്റെ 6.58 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയാണ് വണ്‍പ്ലസ് 6ന്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍, എഫ് 1.7 അപ്പേര്‍ച്ചര്‍ സൗകര്യങ്ങളുള്ള 16 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ് 519 സെന്‍സറും എഫ് 1.7 അപ്പേര്‍ച്ചറുള്ള 20 മെഗാപിക്സല്‍ ഐഎംഎക്സ് 376 കെ സെന്‍സറുമാണ് വണ്‍പ്ലസ് 6 ന്റെ പിന്‍ഭാഗത്തുള്ളത്.
കുത്തനെ സ്ഥാപിച്ചിട്ടുള്ള ഡ്യുവല്‍ ക്യാമറയില്‍ ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷുണ്ട്. 240 എഫ്പിഎസില്‍ 1080 പിക്സല്‍ റസലൂഷനിലും 480 എഫ്പിഎസില്‍ 720 പിക്സല്‍ റസലൂഷനിലും സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോകള്‍ പകര്‍ത്താന്‍ ഈ ഫോണില്‍ സാധിക്കും. 4കെ/1080 റസലൂഷനുകളില്‍ 30/60 എഫ്പിഎസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും സാധിക്കും.
16 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ് 371 സെന്‍സര്‍ ആണ് സെല്‍ഫി ക്യാമറയില്‍ ഉപയോഗിച്ചിട്ടുള്ളത്. എഫ് 2.0 ആണ് ഇതിന്റെ അപ്പേര്‍ച്ചര്‍. റെയര്‍ ക്യാമറയിലും സെല്‍ഫി ക്യാമറയിലും പോര്‍ട്രെയ്റ്റ് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.
അടുത്തിടെ പുറത്തിറങ്ങിയ ചില സ്മാര്‍ട്ഫോണുകളില്‍ ഉള്ളത് പോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും ഡെപ്ത് ഓഫ് ഫീല്‍ഡ് സൗകര്യവും ക്യാമറയില്‍ ഉപയോഗിച്ചിട്ടുണ്ട്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 ഒക്ടാകോര്‍ പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. 3300 mAh ബാറ്ററിയാണ് ഫോണിലുണ്ടാവുക. ഡ്യുവല്‍ സിം സൗകര്യമുള്ളഫോണില് ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ ഓഎസ് ആണ് ഉണ്ടാവുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..