ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോണായ വണ്‍പ്ലസ് 10 പ്രോയുടെ ലോഞ്ചിങ്ങിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ചര്‍ച്ചയായിരിക്കുകയാണ്. വണ്‍പ്ലസ് 10 പ്രോയുടെ ഔദ്യോഗിക ടീസര്‍ വീഡിയോ ചോര്‍ന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

പുതുമയേറിയ രൂപകല്‍പ്പന, വണ്‍പ്ലസ് 9 ശ്രേണിയിലെ ക്യാമറയിലേത് പോലെ ഹാസല്‍ ബ്ലാഡ് എന്ന കമ്പനിയുമായി കൂടിച്ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ക്വാഡ് ക്യാമറ സംവിധാനത്തോട് കൂടിയ പിന്‍ ക്യാമറ , കര്‍വ്ഡ് ഡിസ്‌പ്ലേയുടെ  മുകളില്‍ ഇടത് വശത്തായി സിംഗിള്‍ സെല്‍ഫി ക്യാമറ, മാറ്റ് ഫിനിഷോട് കൂടി കറുപ്പ്, പച്ച നിറങ്ങളിലെത്തുന്ന രണ്ട് മോഡലുകള്‍ എന്നിവയാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്ന സവിശേഷതകള്‍. 

ലോഞ്ചിങ് തീയതി 2022 ജനുവരി 11 എന്നും വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാന്‍ സാധിക്കുന്നു. പിന്‍ ക്യാമറ സെന്‍സറുകളിലൊന്നില്‍ 'P2D 50T' എന്ന് ആലേഖനം ചെയ്തിരിക്കുന്നത് കാണാം. നിലവിലുള്ള ഫോണുകളെക്കാള്‍ അധികമായ ക്യാമറ ഫീച്ചറുകള്‍ വണ്‍പ്ലസ് 10 പ്രോയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

വണ്‍പ്ലസ് 10 പ്രോ ജനുവരിയില്‍ വിപണിയിലെത്തുമെന്ന് ഇതിനോടകം തന്നെ സഹസ്ഥാപകന്‍ പീറ്റ് ലോ വെളിപ്പെടുത്തിയിരുന്നു. ചൈനീസ് മൈക്രോബ്ലോഗിങ് വെബ്സൈറ്റായ വെയ്‌ബോയില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലൂടെയാണ് അദ്ദേഹം വണ്‍പ്ലസ് 10 പ്രോയുടെ ലോഞ്ചിനെ കുറിച്ച്  വ്യക്തമാക്കിയത്.

വണ്‍പ്ലസ് 10 പ്രോ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

ചതുരാകൃതിയിലുള്ള പിന്‍ ക്യാമറകളാകും ഫോണിലുണ്ടാവുക. വണ്‍പ്ലസ് 9 പ്രോയില്‍ ഉള്‍പ്പെടുത്തിയിരുന്ന സൂം സംവിധാനത്തോട് കൂടിയ 48 മെഗാപിക്സലിന്റെ പ്രൈമറി ലെന്‍സ് ക്യാമറയാണ് പ്രതീക്ഷിക്കുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റോഡ് കൂടിയ 6.7 ഇഞ്ച് ക്യുഎച്ഡി+ ഡിസ്പ്ലേയും, 12 ജിബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന എല്‍പിഡിഡിആര്‍ 5 റാം സംവിധാനം, 256 ജിബി സ്റ്റോറേജ് വരെ സപ്പോര്‍ട്ട് ചെയുന്ന യുഎഫ്എസ് 3.1, ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 5000mAh ബാറ്ററി എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു പ്രധാന സവിശേഷതകള്‍. ഐപി68 റേറ്റിങ്ങോട് കൂടി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 12 ഉം വണ്‍പ്ലസിന്റെ തനത്  ഓപ്പറേറ്റിംഗ് സിസ്റ്റമായ ഓക്സിജന്‍ ഓഎസ് 12 ഉം ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2022 ജനുവരി 5 ന് ലാസ്‌വെഗാസില്‍ നടക്കുന്ന CES 2022ല്‍ വണ്‍പ്ലസ് 10 സീരീസ് ലോഞ്ച് ചെയ്യാന്‍ ആസൂത്രണം ചെയ്യുന്നതായാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഔദ്യോഗികമായ ഒരു തീയതി കമ്പനി പുറത്തുവിട്ടിട്ടില്ല. ചൈനയിലെ ലോഞ്ച് കഴിഞ്ഞാലുടന്‍ തന്നെ, 2022-ന്റെ ആദ്യ പാദത്തോടെ തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ ഫോണ്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights : OnePlus 10 Pro Official Looking Teaser Video Leaked