ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡല്‍ വണ്‍പ്ലസ് 10 പ്രോ ജനുവരിയില്‍ വിപണിയിലെത്തുമെന്ന് സഹസ്ഥാപകന്‍ പീറ്റ് ലോ. ചൈനീസ് മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ വെയ്ബോയില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലൂടെയാണ് അദ്ദേഹം വണ്‍പ്ലസ് 10 പ്രോയുടെ ലോഞ്ചിനെ കുറിച്ച്  വെളിപ്പെടുത്തിയത്. 

വണ്‍പ്ലസ് 9 പ്രോയുടെ പിന്‍ഗാമിയായിട്ടാവും 10 പ്രോ വിപണിയിലെത്തുക. ക്വാല്‍കോമിന്റെ ഏറ്റവും പുതിയ പ്രോസസറായ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രോസസ്സറിന്റെ കരുത്തോടെയാകും ഫോണ്‍ പുറത്തിറക്കുക. എന്ന അഭ്യൂഹങ്ങളുണ്ട്. വണ്‍പ്ലസ് 10 പ്രോയോടൊപ്പം വണ്‍പ്ലസ് 10 മോഡലും വിപണിയില്‍ എത്താനാണ് സാധ്യത.

വണ്‍പ്ലസ് 10 പ്രോ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

ചതുരാകൃതിയിലുള്ള പിന്‍ ക്യാമറകളാകും ഫോണിലുണ്ടാവുക. വണ്‍പ്ലസ് 9 പ്രോയില്‍ ഉള്‍പ്പെടുത്തിയിരുന്ന സൂം സംവിധാനത്തോട് കൂടിയ 48 മെഗാപിക്‌സലിന്റെ പ്രൈമറി ലെന്‍സ് ക്യാമറയാണ് പ്രതീക്ഷിക്കുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റോഡ് കൂടിയ 6.7 ഇഞ്ച് ക്യുഎച്ഡി+ ഡിസ്‌പ്ലേയും, 12 ജിബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന എല്‍പിഡിഡിആര്‍ 5 റാം സംവിധാനം, 256 ജിബി സ്റ്റോറേജ് വരെ സപ്പോര്‍ട്ട് ചെയുന്ന യുഎഫ്എസ് 3.1, ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 5000mAh ബാറ്ററി എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു പ്രധാന സവിശേഷതകള്‍. ഐപി68 റേറ്റിങ്ങോട് കൂടി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 12 ഉം വണ്‍പ്ലസിന്റെ തനത്  ഓപ്പറേറ്റിംഗ് സിസ്റ്റമായ ഓക്‌സിജന്‍ ഓഎസ് 12 ഉം ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2022 ജനുവരി 5 ന് ലാസ് വെഗാസില്‍ നടക്കുന്ന CES 2022ല്‍ വണ്‍പ്ലസ് 10 സീരീസ് ലോഞ്ച് ചെയ്യാന്‍ ആസൂത്രണം ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായ ഒരു തീയതി കമ്പനി പുറത്തുവിട്ടിട്ടില്ല. ചൈനയിലെ ലോഞ്ച് കഴിഞ്ഞാലുടന്‍ തന്നെ, 2022-ന്റെ ആദ്യ പാദത്തോടെ തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ ഫോണ്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: oneplus 10 may launch in january