Photo: Nothing
വണ്‍പ്ലസിന്റെ സഹസ്ഥാപകനായ കാള്‍ പെയ് തുടക്കമിട്ട ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്ക് സ്റ്റാര്‍ട്ട് അപ്പ് 'നതിങ്' തങ്ങളുടെ ആദ്യ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന അവതരണ പരിപാടിയിലാണ് കമ്പനി 'നതിങ് ഫോണ്‍ (1)' ഫോണ്‍ എന്ന പ്രഖ്യാപിച്ചത്. ഫോണ്‍ പുറത്തിറക്കുന്ന തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.
വണ്‍ പ്ലസിനെ നേരിടാനല്ല ആപ്പിളിനെ നേരിടാനാണ് നത്തിങ് ഫോണ്‍ (1) വരുന്നതെന്ന് കാള്‍ പെയ് പറയുന്നു. വിലകുറഞ്ഞ ഫോണുകള്‍ നിര്‍മിക്കാന്‍ നതിങിന് ഉദ്ദേശമില്ലെന്ന് ഇത് വ്യക്തമാക്കുന്നു. വിലകൂടിയ പ്രീമിയം ഫോണുകളായിരിക്കും കുറച്ച് കാലത്തേക്കെങ്കിലും നതിങ് പുറത്തിറക്കുക.
സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പുതിയ കണ്ടുപിടുത്തങ്ങളുടെ കുറവുണ്ട്. ഈ രംഗത്തെ ഏകസ്വരം ഇല്ലാതാക്കണം. പുതിയ ഫോണ്‍ പുതിയ സാങ്കേതിക വിദ്യകളില്‍ മാത്രമല്ല, പ്രവര്‍ത്തനക്ഷമത, യൂസര്‍ ഇന്റര്‍ഫെയ്‌സ്, ശബ്ദം ഉള്‍പ്പടെ നിരവധി കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുമെന്നും കാള്‍ പെയ് പറഞ്ഞു.
ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് നതിങ് ഫോണ്‍ 1 ന് വേണ്ടി ഉപയോഗിക്കുക. എങ്കിലും ക്വാല്‍കോമിന്റെ ഏതെങ്കിലും ചിപ്പ് സെറ്റിന്റെ പേര് കമ്പനി പരാമര്‍ശിച്ചിട്ടില്ല. ഈ വര്‍ഷം തന്നെ ഫോണ്‍ പുറത്തിറക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതില്‍ നിലവില്‍ ക്വാല്‍കോമിന്റെ ഏറ്റവും ശക്തിയേറിയ പ്രൊസസര്‍ ചിപ്പായ സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 ആയിരിക്കും ഉപയോഗിക്കുക.
ആന്‍ഡ്രോയിഡ് അധിഷ്ഠിത നതിങ് ഓഎസ് ആയിരിക്കും ഫോണിലുണ്ടാവുക. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 12 പതിപ്പായിരിക്കും ഇതില്‍. ശുദ്ധമായ ആന്‍ഡ്രോയിഡ് അനുഭവം നതിങ് ഓഎസില്‍ ലഭ്യമാവുമെന്നും കമ്പനി പറയുന്നു.
ഫോണിന്റെ രൂപകല്‍പന സംബന്ധിച്ച് കമ്പനി കാര്യമായ വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച നതിങ് ഇയര്‍ 1 ഇയര്‍ഫോണിനെ പോലെ സുതാര്യമായ രൂപകല്‍പന നതിങ് ഫോണ്‍ 1 ലും പ്രതീക്ഷിക്കാം.
വിപ്ലവാത്മകമായ രൂപകല്‍പന ആയിരിക്കും ഫോണിനെന്നാണ് കാള്‍ പേയ് പറയുന്നത്. അതുകൊണ്ടു തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത എന്തോ ഒന്ന് ഫോണിലുണ്ടെന്ന് കരുതാം. ഫോണിന്റെ സൂചനാ ചിത്രം പോലും കമ്പനി പുറത്തുവിട്ടിട്ടില്ല.
വണ്‍പ്ലസിന്റെ സഹസ്ഥാപകന്റെ സംരംഭം ആയതുകൊണ്ടു തന്നെ, ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വണ്‍പ്ലസിനെ ലക്ഷ്യമിട്ടാണ് നതിങ് എത്തുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആപ്പിളിനെയാണ് ലക്ഷ്യമിടുന്നത് എന്ന് കാള്‍ പേയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പിളിന് പകരം വെക്കാവുന്ന ഏറ്റവും മികച്ച മറ്റൊന്ന് അവതരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.
ആപ്പിള്‍ മാത്രമാണ് ഉല്‍പന്നങ്ങളെ പരസ്പര ബന്ധിതമായി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയിരുന്നുള്ളൂ. മാക്ക് ബുക്ക്, ഐഫോണ്‍, എയര്‍പോഡ് എന്നിവയിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജോലി ചെയ്യാന്‍ സാധിക്കും. എന്നാല്‍ അധികം വൈകാതെ തന്നെ ഈ വ്യവസ്ഥ വിന്‍ഡോസ് പിസിയിലേക്കും ആന്‍ഡ്രോയിഡ് ഫോണിലേക്കും മാറും. പേയ് പറഞ്ഞു.
നതിങ് ഫോണ്‍ എന്ന് പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ വേനല്‍ കാലത്ത് ആഗോള തലത്തില്‍ ഫോണ്‍ അവതിരിപ്പിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: Nothing phone 1, New Android Phone brand, Carl Pei, Oneplus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..