നോക്കിയ ബ്രാന്റ് സ്വന്തമാക്കിയതിന് ശേഷം നോക്കിയയുടെ പഴയ കാല ജനപ്രിയ ബ്രാന്‍ഡ് ആയ നോക്കിയ 3310 ഫോണ്‍ പുനരവതരിപ്പിച്ചാണ് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ ഫോണുകളുമായി വിപണിയിലേക്ക് കടന്നുവരുന്നത്. ഇപ്പോഴിതാ വീണ്ടും അത് ആവര്‍ത്തിച്ചിരിക്കുന്നു രണ്ട് ദശാബ്ദം മുമ്പ് നോക്കിയ അവതരിപ്പിച്ച നോക്കിയ 8110 എന്ന ഫോണ്‍ പുത്തന്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ബാര്‍സലോനയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ്  പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

നോക്കിയ 8110 റീലോഡഡ് എന്നാണ് എച്ച്എംഡി ഗ്ലോബല്‍ ഈ ഫോണിനെ വിശേഷിപ്പിക്കുന്നത്.  പഴയ ഫോണിന്റെ തനിപ്പകര്‍പ്പല്ല പുതിയ നോക്കിയ 8110. നോക്കിയ 3310 യും പഴയ ഫോണില്‍ നിന്നും വ്യത്യസ്തമായാണ് എച്ച് എംഡി അവതരിപ്പിച്ചിരുന്നത്. 

എന്നാല്‍ പഴയ മോഡലിന്റെ 'ബനാനാ ഷേപ്പ്' അതുപോലെ തന്നെ പുതിയ മോഡലിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പഴയ മോഡലില്‍ ഉണ്ടായിരുന്ന ആന്റിന കമ്പനി ഒഴിവാക്കിയിട്ടുണ്ട്. മാത്രവുമല്ല പഴയതിനേക്കാള്‍ അല്‍പ്പം ചെറുതാണ് പുതിയ പതിപ്പ്. 

ഫോണിന്റെ ആകൃതിയും കീപാഡ് മറയ്ക്കുന്ന പ്ലാസ്റ്റിക് സ്ലൈഡറും അനാവശ്യമായിരുന്നു എന്ന വിലയിരുത്തല്‍ പൊതുവെയുണ്ട്. 

20 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരുന്ന ഫോണില്‍ കാലത്തിനനുസരിച്ചുള്ള പുത്തന്‍ ഫീച്ചറുകളാണുള്ളത്.

320 x 240 റസലൂഷന്‍ 2.4 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, രണ്ട് മെഗാപിക്‌സല്‍ ക്യാമറ, സ്‌നേക്ക് ഗെയിം, വൈഫൈ, 4ജി മോഡം എന്നിവയും ഈ ഫീച്ചര്‍ ഫോണിലുണ്ട്. നോക്കിയ 3310 ന്റെ 4ജി പതിപ്പില്‍ ഈ ഫീച്ചറുകള്‍  ലഭ്യമാണെങ്കിലും ഈ ഫോണ്‍ ചൈനയില്‍ മാത്രമാണുള്ളത്. 

വെബ്‌സൈറ്റുകള്‍ മികച്ചരീതിയില്‍ തുറന്നുവരുന്നുണ്ടെങ്കിലും ഫോണ്‍ ഡിസ്‌പ്ലേയുടെ വലിപ്പക്കുറവ് വലിയൊരസ്വസ്ഥതയായി തോന്നിയേക്കാം.

4ജി സൗകര്യം ഉള്ളതുകൊണ്ടുതന്നെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ പോലുള്ള നിരവധി ജനപ്രിയ ആപ്ലിക്കേഷനുകളും ഫോണില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ എതെല്ലാ ആയിരിക്കും ആ ആപ്ലിക്കേഷനുകള്‍ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 25 ദിവസം വരെ ബാറ്ററി ചാര്‍ജ് നിലനില്‍ക്കുമെന്നും കമ്പനി വാഗ്ദാനം നല്‍കുന്നുണ്ട്. 

മഞ്ഞ കറുപ്പ് നിറങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള ഫോണ്‍ മേയില്‍ വിപണനം ആരംഭിക്കും. ഇന്ത്യയില്‍ 5100 രൂപയിലേറെ വിലയുണ്ടാവും ഈ ഫോണിന്.

Content Highlights: Nokia 8110 realoded unveild in MWC HMD Global