സ്മാര്‍ട്ട്ഫോണ്‍ യുഗമാണെങ്കിലും, നോക്കിയ എന്ന് കേള്‍ക്കുന്നത് ഇപ്പോഴും പലര്‍ക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന സംഗതിയാണ്. ഒരു തലമുറയെ മുഴുവന്‍ മൊബൈല്‍ ലോകത്തേക്ക് ചുവടുവെയ്പ്പിച്ചത് നോക്കിയയാണ്.
അങ്ങനെയെങ്കില്‍, നോക്കിയയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ 'നോക്കിയ 3310' ഫോണ്‍ തിരിച്ചെത്തുന്നു എന്ന് കേട്ടാലോ. ഇത് കേട്ടുകേഴ്വിയല്ല, സത്യമാണ്. ഒരാഴ്ച ബാറ്ററി ആയുസ്സ് കിട്ടുന്ന നോക്കിയ 3310 വീണ്ടും അവതരിപ്പിക്കാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ട്.
ജിഎസ്എം മൊബൈല്‍ ഫോണായ നോക്കിയ 3310 ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് 2000 സെപ്റ്റംബര്‍ ഒന്നിനാണ്. ആ വര്‍ഷം തന്നെ വിപണിയിലെത്തിയ ആ മോഡല്‍, ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ മൊബൈല്‍ ഫോണുകളിലൊന്നാണ്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 12.6 കോടി നോക്കിയ 3310 ഫോണുകള്‍ വിറ്റുപോയിട്ടുണ്ട്.
വീണ്ടും അവതരിക്കുമ്പോള്‍ നോക്കിയ 3310ന് കെട്ടിലും മട്ടിലും എത്രത്തോളം മാറ്റമുണ്ടെന്ന് സൂചനയൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും പുതിയതായി പുറത്തിറങ്ങുന്ന നോക്കിയ ഫോണുകളിലൊന്ന് ഇതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 26 നാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുക. എന്നാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാകുമോ അതോ വീഞ്ഞും കുപ്പിയും പഴയതുതന്നെയോ എന്ന് കാത്തിരുന്നു കണുകതന്നെ വേണം. 59 യൂറോ (ഏകദേശം 4000 രൂപ) ആയിരിക്കും നോക്കിയ 3310യുടെ വിലയെന്നാണ് വിവരം.
ആന്‍ഡ്രോയിഡ് ഫോണായ നോക്കിയ 5ന് ഒപ്പമായിരിക്കും നോക്കിയ 3310 യുടെ വരവെന്നാണ് അറിവ്.
5.2 ഇഞ്ച് 720 പിക്സല്‍ ഡിസ്പ്ലേയാണ് നോക്കിയ 5 ന്റേതെന്നാണ് വിവരം. രണ്ട് ജിബി റാം, 12 മെഗാപിക്സല്‍ ക്യാമറ തുടങ്ങിയവയാണ് നോക്കിയ 5ന് പ്രതീക്ഷിക്കുന്ന ഫിച്ചറുകള്‍. 10,000 രൂപ വിലവരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് നൂഗട്ടിലായിരിക്കും പ്രവര്‍ത്തിക്കുക.
പഴയ നോക്കിയ കമ്പനി ഇപ്പോഴില്ലാത്തതിനാല്‍, അതിന്റെ പുതിയ രൂപമായ എച്ച്എംഡി ഗ്ലോബല്‍ എന്ന കമ്പനിയാണ് പുതിയ നോക്കിയ മോഡലുകള്‍ വിപണിയിലിറക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..