ടെക് ലോകം ഏറെ ആകാംക്ഷയോടെയാണ് നോക്കിയ 3310യുടെ തിരിച്ചുവരവ് കാത്തിരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഫോണുകളില്‍ ഒന്നായ 3310 കാലാനുസൃതമായ മാറ്റങ്ങളോടെയാണ് നോക്കിയ വീണ്ടും വിപണിയില്‍ എത്തിച്ചത്. എന്നാല്‍, വിപണിയിലെത്തിയ ഫോണിന്റെ വിലയ്ക്കും പുതിയ കാലത്തിലെ പ്രസക്തിക്കുമെല്ലാം എതിരെ ചോദ്യങ്ങളുയര്‍ന്നിരുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ഉപേക്ഷിച്ച് നോക്കിയ 3310 ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാകും? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ബിബിസി ജേര്‍ണലിസ്റ്റായ റോറി കെല്ലന്‍ ജോണ്‍സ്. തന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഉപേക്ഷിച്ച് 3310യുമായി പുറംലോകത്തേക്കിറങ്ങുന്ന റോറിയ്ക്ക് ചെല്ലുന്നിടത്തെല്ലാം പണികിട്ടുകയാണ്.

കോഫീ ഷോപ്പിലെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ തനിയ്ക്ക് ഇമെയിലോ ട്വിറ്ററോ ചെക്ക് ചെയ്യാനാവുന്നില്ലെന്ന് റോറി പരാതിപ്പെടുന്നു. ഷോപ്പില്‍ പണം കൊടുക്കാന്‍ ഫോണ്‍ വഴി ഇടപാട് നടത്താനാവാതെ വരുന്നതും റോറിയെ കുഴയ്ക്കുന്നു. ഭാഗ്യത്തിന് തന്റെ കൈയില്‍ കുറച്ച് പണമുണ്ടെന്ന് ആശ്വാസത്തോടെ പറയുന്ന റോറി പിന്നീട് നേരിടേണ്ടിവരുന്നത് ഇതിലും വലിയ പ്രതിബദ്ധങ്ങളാണ്.

ഗൃഹാതുരത്തത്തിന്റെ മാര്‍ക്കറ്റ് തേടിയിറങ്ങിയ നോക്കിയയെ ഒന്ന് ട്രോളുകയാണ് റോറിയുടെ ലക്ഷ്യമെങ്കിലും സ്മാര്‍ട്ട്‌ഫോണെന്ന കുഞ്ഞന്‍ ഉപകരണത്തിന് നമ്മുടെ ജീവിതം എത്രമാത്രം അടിപ്പെട്ടുകഴിഞ്ഞു എന്നും കാണിച്ചുതരുന്നു ഈ വീഡിയോ.