നോക്കിയയുടെ 3310 ഫീച്ചര്‍ ഫോണിന്റെ 4ജി പതിപ്പ് വരുന്നു. TA-1077  മോഡല്‍ നമ്പറിലുള്ള പുതിയ ഫോണ്‍ ചൈനയുടെ സെര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റ് ആയ TENAA യില്‍ പ്രത്യക്ഷപ്പെട്ടു. വെബ്‌സൈറ്റിലെ വിവരമനുസരിച്ച് ഫോണില്‍ ടിഡി-എല്‍ടിഇ, ടിഡി-എസ്ഡിഎംഎ, ജിഎസ്എം നെറ്റ് വര്‍ക്കുകള്‍ സപ്പോര്‍ട്ട് ചെയ്യും. 

ആന്‍ഡ്രോയിഡിന്റെ കസ്റ്റം വേര്‍ഷനായ ആലിബാബയുടെ യുന്‍ഓഎസിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. 

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പഴയകാല മൊബൈല്‍ഫോണ്‍ മോഡലായ 'നോക്കിയ 3310' പരിഷ്‌കരിച്ച് പുറത്തിറക്കിയത്. 2ജി പതിപ്പിന് പിന്നാലെ ഫോണിന്റെ 3ജി പതിപ്പും നോക്കിയ പുറത്തിറക്കി. 

നോക്കിയപവര്‍യൂസര്‍ ആണ് നോക്കിയ 3310 4ജി പതിപ്പ് ടെനാ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട വിവരം ആദ്യം പുറത്തുവിട്ടത്.  2018 ല്‍ നോക്കിയ 6 ഫോണിനൊപ്പമായിരിക്കും 3310 4ജി പതിപ്പും പുറത്തിറക്കുകയെന്നും നോക്കിയ പവര്‍ യൂസര്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജനുവരി 12ന് എച്ച്എംഡി ഗ്ലോബലിന്റെ ഒരു പരിപാടി ചൈനയില്‍ നടക്കുമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ പരിപാടിയില്‍ നോക്കിയ 9, നോക്കിയ 6 ഈ ഫോണുകള്‍ പുറത്തിറക്കിയേക്കുമെന്ന സൂചനയുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

Content Highlights: Nokia 3310 4G version appeared in TENAA