ന്യൂഡല്‍ഹി: നോക്കിയ 3310 4ജി പതിപ്പ് ചൈനയില്‍ അവതരിപ്പിച്ചു. 2017 മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച നോക്കിയ 3310 ഫോണിന്റെ അതേ രൂപകല്‍പ്പനയില്‍ തന്നെയാണ് 4ജി സൗകര്യത്തോടുകൂടയുള്ള പുതിയ ഫോണും പുറത്തിറക്കിയത്. എങ്കിലും അല്‍പ്പം നീളവും കനവും കൂടുതലാണ് പുതിയ ഫോണിന്. 

ചൈനയിലെ എച്ച്.എം.ഡി ഗ്ലോബലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫോണ്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയ 3310 4ജി ഫോണ്‍ ആഗോള തലത്തില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. 

ഫ്രെഷ് ബ്ലാക്ക്, ഡീപ്പ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണുകള്‍ വിപണിയിലെത്തുക.

സവിശേഷതകള്‍

ആന്‍ഡ്രോയിഡില്‍ അധിഷ്ഠിതമായി ആലിബാബ ഗ്രൂപ്പ് നിര്‍മ്മിച്ച യുന്‍ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണ് നോക്കിയ 3310 4ജി. 4ജി വോള്‍ടി സൗകര്യം തന്നെയാണ് നോക്കിയ 3310 4ജിയുടെ ഏറ്റവും വലിയ സവിശേഷത. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് ലൈറ്റ്, യൂട്യൂബ് പോലുള്ള ആപ്ലിക്കേഷഷനുകള്‍ ഫോണില്‍ പ്രവര്‍ത്തിക്കും.  

320 x 240 പിക്‌സല്‍ റസലൂഷനില്‍ 2.4 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണില്‍ 256 ജിബി റാമും 512 എംബി സ്‌റ്റോറേജുമുണ്ടാവും. 64 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും. 

രണ്ട് മെഗാപിക്‌സലിന്റേതാണ് ക്യാമറ. എല്‍ഇഡി ഫ്‌ലാഷ് ലൈറ്റും ക്യാമറയ്‌ക്കൊപ്പമുണ്ടാവും. 

4ജി കണക്റ്റിവിറ്റി, ബ്ലൂടൂത്ത്, എഫ്.എം റേഡിയോ, സിംഗിള്‍ സിം കാര്‍ഡ് സ്ലോട്ട്, എംപി3 പ്ലെയര്‍, ഹെഡ്‌ഫോണ്‍ ജാക്ക്. 1200 mAh ന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. 4ജി എല്‍ടിഇ യില്‍ അഞ്ച് മണിക്കൂര്‍ ടോക്ക് ടൈം ഫോണില്‍ ലഭിക്കുമെന്ന് നോക്കിയ അവകാശപ്പെടുന്നു.