ഗൂഗിള്‍ പുതിയ പിക്‌സല്‍ ഫോണുകള്‍ പുറത്തിറക്കിയിരിക്കുകയാണ്. 5ജി സൗകര്യമുള്ള പിക്‌സല്‍ 5 , പിക്‌സല്‍ 4എ ഫോണുകളാണ് പുറത്തിറക്കിയത്. പിക്‌സല്‍ 5ന് 699 ഡോളറും (51000 രൂപ), പിക്‌സല്‍ 4എ 5ജിയ്ക്ക് 499 ഡോളറുമാണ് (37000 രൂപ)വില. ഈ രണ്ട് ഫോണുകളും അമേരിക്കന്‍ വിപണിയില്‍ ലഭ്യമാവും.
ഇന്ത്യയിലേക്ക് ഈ ഫോണുകള്‍ അടുത്തകാലത്തൊന്നും എത്തിയേക്കില്ല. 5ജി ഫോണുകളായത് തന്നെയാണ് അതിനുള്ള മുഖ്യ കാരണം. എന്ന് കരുതി പുതിയതായി പുറത്തിറക്കിയ പിക്‌സല്‍ ഫോണുകളൊന്നും ഇന്ത്യയില്‍ എത്തില്ലന്നല്ല.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഗൂഗിള്‍ അവതരിപ്പിച്ച 5ജി ഇല്ലാത്ത പിക്‌സല്‍ 4എ ഇന്ത്യയുള്‍പ്പടെയുള്ള ആഗോള വിപണിയിലേക്ക് എത്തിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 17 ന് പിക്‌സല്‍ 4എ ഇന്ത്യയില്‍ അവതരിപ്പിക്കും.
ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിനാണ് പിക്‌സല്‍ 5 ഇന്ത്യയിലേക്കില്ലെന്നും. പകരം പിക്‌സല്‍ 4എ ഒക്ടോബര്‍ 17ന് അവതരിപ്പിക്കുമെന്നും ഗൂഗിളിന്റെ ട്വിറ്റര്‍ പേജുകളിലൊന്നായ മേഡ് ബൈ ഗൂഗിള്‍ വ്യക്തമാക്കിയത്. ഇത് ഫ്‌ളിപ്കാര്‍ട്ടിലാണ് വില്‍ക്കുകയെന്നും കമ്പനി വ്യക്തമാക്കി.
പിക്‌സല്‍ 4എ യ്ക്ക് വേണ്ടി ഒരു പ്രത്യേക വെബ് പേജ് ഫ്‌ളിപ്കാര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഫോണിന്റെ എല്ലാ സവിശേഷതകളും ഈ പേജില്‍ കൊടുത്തിട്ടുണ്ട്. ഫ്‌ളിപ്കാര്‍ട്ടിനൊപ്പം ആപ്പിള്‍ അടുത്തിടെ ആരംഭിച്ച ആപ്പിള്‍സ്റ്റോര്‍ ഇന്ത്യ വെബ്‌സൈറ്റിലും ഫോണ്‍ വില്‍പനയ്‌ക്കെത്തിയേക്കും.
5ജി ഇല്ലാത്ത പിക്‌സല്‍ 4എ യുടെ 128 ജിബി സ്റ്റോറേജ് 6 ജിബി റാം വേരിയന്റിന് 349 ഡോളറാണ് വില. ഇത് ഏകദേശം 25673 രൂപ വരും.
5.8 ഇഞ്ച് ഫുള്‍എച്ച്ഡി ഒഎല്‍ഇഡി ഡിസ്‌പ്ലേയില്‍ കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റാണിതിന്. കറുപ്പ് നിറത്തിലാണ് ഇത് വിപണിയിലെത്തുക. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730ജി പ്രൊസസര്‍, അഡ്രിനോ 617 ജിപിയു, 12.2 എംപി റിയര്‍ ക്യാമറയും 8 എംപി സെല്‍ഫി ക്യാമറയും ആണിതിന്. 3140 എംഎഎച്ച് ബാറ്ററിയില്‍ 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.
Content Highlights: no pixel 5 but pixel 4a coming to india on october 17