മോട്ടോറോളയുടെ മോട്ടോ ജി 200 സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. ഈ ഫോണിനൊപ്പം മറ്റ് മോട്ടോ ജി ഫോണുകള്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. മോട്ടോ ജി71, മോട്ടോ ജി51, മോട്ടോ ജി41, മോട്ടോ ജി31 തുടങ്ങിയ ഫോണുകളാണ് അവതരിപ്പിച്ചത്. മോട്ടോ ജി100 ഫോണിന്റെ പിന്‍ഗാമിയായാണ് മോട്ടോ ജി200 എത്തിയിരിക്കുന്നത്. ശക്തിയേറിയ പ്രൊസസറും, 108 മെഗാപിക്‌സല്‍ ക്യാമറയും, 144+ ഹെര്‍ട്‌സ് ഡിസ്‌പ്ലേയുമാണിതിന്. മോട്ടോ ജി71, മോട്ടോ ജി51, മോട്ടോ ജി41, മോട്ടോ ജി31 ഫോണുകള്‍ ബജറ്റ് നിരക്കിലുള്ളവയാണ്

മോട്ടോ ജി200 ഫോണിന് 450 യൂറോയാണ് വില. ഇത് ഏകദേശം 37900 രൂപ വരും. നിലവില്‍ ലാറ്റിനമേരിക്കയിലാണ് ഇത് ലഭിക്കുക. ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമോ എന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ഫോണുകളും അവതരിപ്പിച്ചേക്കില്ലെങ്കിലും ഇക്കൂട്ടത്തില്‍ ചിലതെങ്കിലും ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ട്. 

6.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് മോട്ടോ ജി200ന്. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. എല്‍സിഡി ഡിസ്‌പ്ലേയാണിതിന് എന്ന പ്രത്യേകതയുമുണ്ട്. 

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888+ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 8ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. ഒരു റാം വേരിയന്റ് മാത്രമാണ് ഫോണിന് എന്നാല്‍ 128 ജിബിയുടെ സ്‌റ്റോറേജ് ഓപ്ഷനും ലഭ്യമാണ്. 

108 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 13 എംപി അള്‍ട്രാ വൈഡ് മാക്രോ ക്യാമറ, ഒരു ഡെപ്ത് സെന്‍സര്‍ എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ, 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് ക്യാമറ വിഭാഗത്തില്‍ വരുന്നത്. 

8കെ വീഡിയോ റെക്കോര്‍ഡിങ്, 960 എഫ്പിഎസ് സ്ലോമോഷന്‍ വീഡിയോ ഉള്‍പ്പടെയുള്ള വീഡിയോ റെക്കോര്‍ഡിങ് ഓപ്ഷനുകള്‍ ലഭ്യമാണ്. 

5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.

Content Highlights: motorola moto g200 with Moto G71, Moto G51, Moto G41 and Moto G31.launched in latin america