മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയ പതിപ്പായ മോട്ടോ G50, G100 ഫോണുകള്‍ അവതരിപ്പിച്ചു. മോട്ടോറോളയുടെ ഏറ്റവും വില കുറഞ്ഞ 5G ഫോണായാണ് മോട്ടോ ജി50 എത്തിയിട്ടുള്ളത്. മൂന്ന് റിയര്‍ ക്യാമറ, 90Hz ഡിസ്‌പ്ലേ, 5000 എം.എ.എച്ച്. ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ മറ്റ് സവിശേഷതകള്‍. ആദ്യ പടിയായി യുറോപ്യന്‍ വിപണിയില്‍ എത്തിയിട്ടുള്ള ഈ ഫോണിന് 249.99 യൂറോയാണ് വില. 

അക്വ ഗ്രീന്‍, സ്റ്റീല്‍ ഗ്രേ എന്നീ രണ്ട് നിറങ്ങളിലാണ് മോട്ടോ G50 എത്തിയിട്ടുള്ളത്. നോച്ച്ഡ് ഡിസ്‌പ്ലേയും പോളികാര്‍ബണേറ്റ് റിയര്‍ പാനലുമാണ് ഈ ഫോണിന് വേറിട്ട ഭാവം നല്‍കുന്നത്. 6.5 ഇഞ്ച് വലിപ്പമുള്ള മാക്‌സ് വിഷന്‍ എച്ച്.ഡി. പ്ലസ് ഡിസ്‌പ്ലേ, നാല് ജി.ബി. റാമിനൊപ്പം ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 480 പ്രോസസര്‍ എന്നിവയാണ് ഈ ഫോണിന്റെ മറ്റ് ഫീച്ചറുകള്‍. 64 ജി.ബി, 128 ജി.ബി. സ്റ്റോറേജില്‍ ഈ ഫോണ്‍ എത്തുന്നുണ്ട്.

48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 5 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഈ ഫോണില്‍ നല്‍കിയിട്ടുള്ള മറ്റൊരു ഫീച്ചര്‍. 13 മെഗാപിക്‌സല്‍ ഫ്രെണ്ട് സെല്‍ഫി ക്യാമറയും ഇതില്‍ നല്‍കുന്നുണ്ട്. എച്ച്.ഡി.ആര്‍, പ്രോ മോഡ്, പോര്‍ട്ടറൈറ്റ് മോഡ്, ടൈംലാപ്‌സ്, ഹൈപ്പര്‍ ലാപ്‌സ് വീഡിയോ തുടങ്ങിയ ഫീച്ചറുകള്‍ G50 മോഡലിലെ ക്യാമറയിലുണ്ട്.

Content Highlights: Moto G50 5G smartphone launched