പുതിയൊരു സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണകൊറിയന്‍ കമ്പനിയായ എല്‍ജി. വിങ് എന്ന പേരില്‍ കോഡ്‌നാമകരണം ചെയ്ത ഈ സ്മാര്‍ട്‌ഫോണിന് 'T' ആകൃതിയില്‍ തിരിക്കാന്‍ സാധിക്കുന്ന രണ്ടാമതൊരു സ്‌ക്രീന്‍ കൂടിയുണ്ടാവും. 6.8 ഇഞ്ച് പ്രധാന ഡിസ്‌പ്ലെയെ കൂടാതെയാണ് നാല് ഇഞ്ച് വലിപ്പമുള്ള ഈ ചെറിയ സ്‌ക്രീന്‍.

ഒരേസമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയാണ് എല്‍ജി വിങ് ഡ്യുവല്‍ സ്‌ക്രീന്‍ ഫോണ്‍ ഈ രണ്ടാമത്തെ സ്‌ക്രീന്‍ ഉപയോഗിക്കുക. ഉദാഹരണത്തിന് പ്രധാന സ്‌ക്രീന്‍ ഒരു ഫോട്ടോ നോക്കാന്‍ ഉപയോഗിക്കുമ്പോള്‍ രണ്ടാമത്തെ സ്‌ക്രീനില്‍ എഡിറ്റിങ് കണ്‍ട്രോള്‍ ഉപയോഗിക്കാം.

എല്‍ജി അടുത്തിടെ പുറത്തിറക്കിയ എല്‍ജി വെല്‍വെറ്റ് ഫോണിലുള്ള അതേ സ്‌നാപ്ഡ്രാഗണ്‍ 765 പ്രൊസസര്‍ തന്നെയാണ് ഈ ഫോണിലും ഉണ്ടാവുക. ഫോണില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനവും ഉണ്ടാവും. 64 എംപി പ്രധാന ക്യാമറയും അതിലുണ്ടാവും. 

ഫോണിന് വെല്‍വെറ്റിനേക്കാളും വിലയുണ്ടായേക്കും. 2020 മധ്യത്തോടെ ഫോണ്‍  അവതരിപ്പിച്ചേക്കും. 

അടുത്തിടെ സ്‌ക്രീന്‍ വലിപ്പം വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന ഒരു ഫോണിന് വേണ്ടിയുള്ള പേറ്റന്റിന് എല്‍ജി അപേക്ഷിച്ചിരുന്നു. കാഴ്ചയില്‍ സാധാരണ ഫോണ്‍ ആയിരിക്കുമെങ്കിലും അതിന്റെ സ്‌ക്രീന്‍ രണ്ട് വശങ്ങളിലേക്കും വികസിപ്പിക്കാന്‍ സാധിക്കും.  ഇങ്ങനെ പുതുമയുള്ള ഡിസ്‌പ്ലേകളുള്ള ഫോണുകള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങളിലാണ് എല്‍ജി.

 

Content Highlights: LG working on rotating 2nd display smartphone