എല്‍ജി ഏറ്റവും പുതിയ എല്‍ജി വിങ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. ഇതൊരു 5ജി സ്മാര്‍ട്‌ഫോണ്‍ ആണ്. 6.8 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി പി-ഓഎല്‍ഇഡി സ്‌ക്രീന്‍ ആണ് ഇതിന്റെ പ്രധാന ഡിസ്‌പ്ലേ. ഈ പ്രധാന സ്‌ക്രീന്‍ തിരിഞ്ഞ് ഉയരുമ്പോള്‍ താഴെയായി 3.9 ഇഞ്ച് വലിപ്പമുള്ള ജി ഒഎല്‍ഇഡി ഡിസ്‌പ്ലേ കാണാം.
32 മെഗാപിക്‌സലിന്റെ പോപ്പ് അപ്പ് ക്യാമറയാണ് ഇതിന്. ഇക്കാരണം കൊണ്ടു തന്നെ നോച്ച് ഇല്ലാത്ത സ്‌ക്രീന്‍ ആണിതിന്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765ജി പ്രൊസസറും സ്‌നാപ്ഡ്രാഗണ്‍ എക്‌സ്52 5ജി മോഡം-ആര്‍എഫ് സിസ്റ്റവുമാണ് ഫോണിന് ശക്തിപകരുന്നത്.
ഫോണിന് പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണുള്ളത്. ഇതില്‍ 64 എംപി അള്‍ട്രാ ഹൈ റെസലൂഷന്‍ സെന്‍സര്‍, 13 എംപി അള്‍ട്രാ വൈഡ്, 12 എംപി അള്‍ട്രാ വൈഡ് സെന്‍സറുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ 5 ആക്‌സിസ് ഇമേജ് സ്റ്റെബിലൈസേഷന്‍, പ്രത്യേക ഗിംബാല്‍ മോഡ് എന്നിവ ലഭ്യമാണ്. T ആകൃതിയില്‍ നില്‍ക്കുന്നതിനാല്‍ വീഡിയോ റെക്കോര്‍ഡിങ് ഏറെ സുഗമമാക്കാന്‍ ഈ രൂപകല്‍പന സഹായിക്കും. ഗിംബാല്‍ മോഡില്‍, പാന്‍, ടില്‍റ്റ്, ഒരു വസ്തുവില്‍ ലോ്ക്ക് ചെയ്യുക തുടങ്ങിയ ചലനങ്ങള്‍ സാധ്യമാണ്.
ഐപി54 വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്‍സ് റേറ്റിങ് ഇതിനുണ്ട്. 4000 എംഎഎച്ച് ബാറ്ററിയില്‍ ക്വിക്ക് ചാര്‍ജ് 4.0 സാങ്കേതിക വിദ്യയുണ്ട്. 260 ഗ്രാം ആണ് എല്‍ജി വിങിന്റെ ഭാരം. 10.9എംഎം കനമുണ്ട്. ഓറ ഗ്രേ, ഇലൂഷന്‍ സ്‌കൈ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.
എട്ട് ജിബി റാം ശേഷിയില്‍ 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ മെമ്മറി ഉയര്‍ത്താം. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ക്യു ഓഎസ് ആണ് ഫോണില്‍.
വീഡിയോ കാണുമ്പോഴും വീഡിയോ ചിത്രീകരിക്കുമ്പോഴുമെല്ലാം പ്രധാന സ്‌ക്രീനിലെ കാഴ്ചയ്ക്ക് അസ്വസ്ഥതയില്ലാതാക്കാന്‍ രണ്ടാമത്തെ സ്‌ക്രീന്‍ സഹായിക്കും. മെസേജ്. പ്രധാന സ്‌ക്രീന്‍ ലാന്റ്‌സ്‌കേപ് മോഡിലേക്ക് മാറ്റുമ്പോള്‍ ചെറിയ സ്‌ക്രീനിലാണ് നോട്ടിഫിക്കേഷനുകള്‍ കാണുക. വീഡിയോ ചിത്രീകരിക്കുമ്പോള്‍ കണ്‍ട്രോള്‍ ടൂളുകള്‍ കാണുക ചെറിയ സ്‌ക്രീനിലാവും.
ദക്ഷിണ കൊറിയയിലാണ് എല്‍ജി വിങ് ആദ്യമെത്തുക. പിന്നാലെ തന്നെ വടക്കേ അമേരിക്കയിലും യൂറോപ്പിലും അവതരിപ്പിക്കും. എല്‍ജി വിങിന്റെ വില എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: lg wing smartphone with rotating display