റിലയന്‍സ് ജിയോയുടെ ജിയോഫോണ്‍ നെക്‌സ്റ്റ് സ്മാര്‍ട്‌ഫോണ്‍ ദീപാവലിക്ക് മുമ്പ് പുറത്തിറക്കുമെന്ന് കമ്പനിയുടെ പ്രഖ്യാനം. സെപ്റ്റംബര്‍ പത്തിന് പുറത്തിറിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. 

ഗൂഗിളുമായി ചേര്‍ന്ന് റിലയന്‍സ് ജിയോ നിര്‍മിക്കുന്ന വിലകുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ ആണ് ജിയോഫോണ്‍. ഫോണിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ദീപാവലിയ്ക്ക് മുമ്പുള്ള ഉത്സവകാല സീസണ്‍ ലക്ഷ്യമിട്ട് ഫോണ്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. 

ആഗോളതലത്തില്‍ വ്യവസായരംഗം നേരിടുന്ന സെമികണ്ടക്ടര്‍ ക്ഷാമം നേരിടാനും ഫോണ്‍ അവതരണം വൈകിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

ആന്‍ഡ്രോയിഡ് 11 ഗോ എഡിഷന്‍ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും ജിയോ ഫോണ്‍ നെക്‌സ്റ്റ്. ജൂണില്‍ നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 44-ാമത് വാര്‍ഷിക ജനറല്‍ മീറ്റിങിലാണ് ജിയോഫോണ്‍ നെക്സ്റ്റ് പ്രഖ്യാപിക്കപ്പെട്ടത്. ഫോണിന് 4000 രൂപയില്‍ താഴെ ആയിരിക്കും വില എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.