കൊച്ചി: ജിയോയും ഗൂഗിളും സംയുക്തമായി രൂപകല്‍പ്പന ചെയ്ത ജിയോഫോണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ ദീപാവലി മുതല്‍ രാജ്യത്തുടനീളം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. 6499 രൂപയാണ് ജിയോഫോണ്‍ നെക്സ്റ്റിന്റെ വില. ഉപയോക്താക്കള്‍ക്ക് 1,999 രൂപ മുന്‍കൂര്‍ അടച്ച് ബാക്കിയുള്ളത് 18-24മാസത്തെ തവണകളായി അടച്ചും ഫോണ്‍ സ്വന്തമാക്കാം. ഇതിനായി ജിയോ ഫിനാന്‍സ് സൗകര്യവും നല്‍കും.

ജിയോഫോണ്‍ നെക്സ്റ്റ്‌ന് വേണ്ടി നിര്‍മ്മിച്ച ആന്‍ഡ്രോയിഡിന്റെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പായ പ്രഗതി OS ഫീച്ചര്‍ ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സ്മാര്‍ട്ട്ഫോണാണിത്. 

ഉത്സവകാലത്ത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ മികച്ച സമ്മാനം എത്തിക്കുന്നതില്‍ ഗൂഗിള്‍, ജിയോ ടീമുകള്‍ വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും ഇംഗ്ലീഷിലോ സ്വന്തം ഭാഷയിലുള്ള ഉള്ളടക്കം വായിക്കാന്‍ കഴിയാത്ത ഇന്ത്യക്കാര്‍ക്ക് ജിയോഫോണ്‍ നെക്സ്റ്റില്‍ അവരുടെ ഭാഷയില്‍ വിവര്‍ത്തനം ചെയ്യാനും വായിക്കാനും കഴിയുമെന്നും മുകേഷ് അംബാനി പറഞ്ഞു. സുന്ദര്‍ പിച്ചെയെയും ഗൂഗിളിലെ അദ്ദേഹത്തിന്റെ ടീമിനെയും ദീപാവലിക്ക് ഈ അത്ഭുതകരമായ സമ്മാനം നല്‍കുന്നതില്‍ പങ്കാളികളായ ജിയോയിലെ എല്ലാവരെയും മുകേഷ് അംബാനി അഭിനന്ദിച്ചു.

ഇന്റര്‍നെറ്റ് സൃഷ്ടിക്കുന്ന അവസരങ്ങളില്‍ നിന്ന് ഇന്ത്യയിലെ എല്ലാവരും പ്രയോജനം നേടണമെന്ന വിശ്വാസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യയ്ക്കായി രൂപകല്‍പ്പന ചെയ്ത താങ്ങാനാവുന്ന വിലയുള്ള സ്മാര്‍ട്ട്ഫോണാണ് ജിയോഫോണ്‍ നെക്‌സ്റ്റെന്ന് സുന്ദര്‍ പിച്ചെ അഭിപ്രായപ്പെട്ടു. ഞങ്ങളുടെ ടീം പല എഞ്ചിനീയറിംഗും ഡിസൈന്‍ വെല്ലുവിളികളും മറികടന്നാണ് സാധാരണ ജനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ എളുപ്പമുള്ള ഒരു സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: JioPhone Next price in India announced