ജിയോഫോണുകള്‍ സൃഷ്ടിച്ച സമ്മര്‍ദത്തെ നേരിടാന്‍ നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബലും 4 ജി ഫീച്ചര്‍ഫോണ്‍ നിര്‍മാണരംഗത്തേക്ക് ഇറങ്ങിയേക്കും. എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ വൈസ് പ്രസിഡന്റ് അജയ് മേത്തയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.

'ഈ രംഗത്ത് തീര്‍ച്ചയായും ഒരു സ്വാധീനമുണ്ടാക്കാന്‍ ജിയോഫോണിനാവും. അതില്‍ യാതൊരു സംശയവുമില്ല. അത് ഏത് രീതിയിലായിരിക്കുമെന്ന് ഞങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. നല്ലൊരു വാണിജ്യസാധ്യത അതില്‍ കാണുകയാണെങ്കില്‍ ആ രംഗത്തേക്ക് പ്രവേശിക്കുന്ന കാര്യം ഞങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കും.' അജയ് മേത്ത പറഞ്ഞു. 

ഫീച്ചര്‍ ഫോണ്‍ വിപണി തങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്നും നിലവില്‍ നാല് ഫീച്ചര്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലുണ്ടെന്നും. 4 ജി ഫീച്ചര്‍ഫോണിനൊരു വാണിജ്യ സാധ്യതയുണ്ടെങ്കില്‍ അത് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോങ്കോങ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം 2.4 കോടി 4 ജി ഫീച്ചര്‍ഫോണുകള്‍ ഈ വര്‍ഷം അവസാനത്തിനുള്ളില്‍ വിപണിയിലെത്തും. 

പ്രമുഖ ഫീച്ചര്‍ഫോണ്‍ നിര്‍മാതാക്കളായ ലാവ നിലവില്‍ അവരുടെ 4 ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ മൈക്രോ മാക്‌സും ബിഎസ്എന്‍എലുമായി സഹകരിച്ച് 4ജി ഫീച്ചര്‍ഫോണ്‍ രംഗത്തിറക്കും. 

നിലവില്‍ ക്യുവല്‍കോമും സ്‌പ്രെഡ്ട്രമും ആണ് രാജ്യത്ത് 4 ജി ഫീച്ചര്‍ഫോണുകള്‍ക്ക് ചിപ്‌സെറ്റുകള്‍ വിതരണം ചെയ്യുന്നത്. നിരവധി ഇന്ത്യന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍ ഈ ചിപ്‌സെറ്റുകള്‍ ഉപയോഗിച്ച് 4 ജി ഫീച്ചര്‍ഫോണുകള്‍ രംഗത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. 

ഒരിക്കല്‍ രാജ്യത്തെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന നോക്കിയ നീണ്ട ഇടവേളയ്ക്ക് ശേഷം ആന്‍ഡ്രോയിഡ് ഫോണുകളുമായാണ് രാജ്യത്തേക്ക് തിരികെ പ്രവേശിച്ചത്. നോക്കിയയുടെ ചില പഴയ മോഡലുകള്‍ പരിഷ്‌കരിച്ചുകൊണ്ടുള്ള പുതിയ ഫീച്ചര്‍ഫോണുകളും നോക്കിയ വിപണിയിലിറക്കിയിട്ടുണ്ട്.