5ജി സാങ്കേതിക വിദ്യയെ പിന്തുണയ്ക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസറുമായി ഐക്യൂ 3 സ്മാര്‍ട്‌ഫോണ്‍ ഫെബ്രുവരി 25 ന് ഇന്ത്യയിലെത്തും. മുംബൈയിലാണ് അവതരണ പരിപാടി നടക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് ഫോണിന്റെ വില്‍പന നടക്കുക.
ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ സഹ സ്ഥാപനമാണ് ഐക്യൂ. ഇന്ത്യയില്‍ ഒരു സ്വതന്ത്ര സ്ഥാപനമായാണ് ഐക്യൂ പ്രവര്‍ത്തിക്കുക. ഐക്യൂ ഇന്ത്യയിലെത്തിക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണ് ഐക്യൂ 3. ഇതിന് ശക്തിപകരുന്ന സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍ 5ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നതാണ്. മെച്ചപ്പെട്ട ക്യാമറയും ബാറ്ററി ലൈഫുമാണ് ഐക്യൂ വാഗ്ദാനം ചെയ്യുന്നത്.
ഫോണിന്റെ രൂപകല്‍പന സംബന്ധിച്ച സൂചന നല്‍കി ഒരു ചിത്രം ഐക്യൂ പുറത്തുവിട്ടിട്ടുണ്ട്. ക്വാഡ് റിയര്‍ ക്യാമറയും വെര്‍ട്ടിക്കലായി സ്ഥാപിച്ചിരിക്കുന്ന ഐക്യൂ ലോഗോയും ചിത്രത്തില്‍ കാണാം. റൗണ്ടഡ് കോര്‍ണറുകളാണ് ഫോണിന്.
ഇന്ത്യയില്‍ 5ജി സൗകര്യത്തോടെയാണോ ഫോണ്‍ അവതരിപ്പിക്കുകയെന്ന് എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇനിയും കാത്തിരിക്കണം. എന്തായാലും ഏകദേശം 35000 രൂപയോളം വിലയുള്ള ഇന്ത്യന്‍ വിപണിയിലെ പ്രീമിയം സ്മാര്‍ട്‌ഫോണുകളോടായിരിക്കും ഐക്യൂ 3 മത്സരിക്കുക.
Content Highlights: IQOO 3 smartphone will be launched on february 25