കാലിഫോര്‍ണിയ: ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ ഐഫോണ്‍ X ഇന്ന് പുറത്തിറക്കും. ഐഫോണിന്റെ പത്താം വാര്‍ഷികത്തിലാണ് ഐഫോണിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നത്. ഐഫോണ്‍ 7 പരമ്പരയിലെ പുതിയ പതിപ്പുകളായ ഐഫോണ്‍ 8, 8 പ്ലസ് എന്നിവയും ഇന്ന് സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കും.
ഇവയെ കൂടാതെ ഐഫോണുകള്‍, മാക്ക് ബുക്ക്, വാച്ച് എന്നിവയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പരിഷ്കരിച്ച പുതിയ ഫീച്ചറുകളും ചടങ്ങില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.
ഐഫോണ്‍ X സവിശേഷതകള്‍
ഐഫോണ്‍ X എന്ന പേര് തന്നെ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഐഒഎസിന്റെ പുതിയ പതിപ്പായ ഐഓഎസ് 11 ല്‍ നിന്നാണ് ഐഫോണ്‍ എക്സ്, ഐഫോണ്‍ 8, ഐഫോണ്‍ 8പ്ലസ് എന്നീ പേരുകളുടെ സൂചനകള്‍ ലഭിച്ചത്.
ഹോംപോഡ് ഫേംവെയറില്‍ നിന്നും ലഭ്യമായ ചിത്രങ്ങള്‍ അനുസരിച്ച് ഫ്രെയിമുകളില്ലാത്ത ( Bezel Less) ഡിസ്പ്ലേയോടു കൂടിയ ഫോണ്‍ ആയിരിക്കും ഐഫോണ്‍ X. മുന്നിലും പിന്നിലും ഗ്ലാസ് ബോഡിയും വശങ്ങളില് സ്റ്റീല്‍ ഫ്രെയിമും ഉള്‍പ്പെടുന്ന രൂപകല്‍പ്പനയില്‍ പുറത്തിറങ്ങുന്ന ഫോണില്‍ 5.8 ഇഞ്ചിന്റെ ഓഎല്‍ഇഡി ബെസല്‍ ലെസ് ഡിസ്പ്ലേ ആയിരിക്കും ഉണ്ടാവുക.
മുന്‍ മോഡലുകളിലേത് പോലെ ഹോം ബട്ടണ്‍ പുതിയ ഫോണില്‍ ഉണ്ടാവില്ലെന്നാണ് വിവരം. പകരം ഡിജിറ്റല്‍ സാങ്കേതിക വിദ്യയായിരിക്കും ഫോണില്‍ ഉപയോഗിക്കുക. ടച്ച് ഐഡിക്ക് പകരം 3ഡി ഫേസ് ഡിറ്റക്ഷന്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നില്‍ മുകളിലും താഴെയുമായി ക്രമീകരിച്ച ഡ്യുവല്‍ ക്യാമറയായിരിക്കും ഉണ്ടാവുകയെന്നും ചിത്രങ്ങള്‍ സൂചന നല്‍കുന്നുണ്ട്.
കുറഞ്ഞത് 1000 ഡോളര്‍ വരെ വിലയുള്ള ഫോണ്‍ ആയിരിക്കും ഐഫോണ്‍ X. 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് പതിപ്പുക്കളില് ഐഫോണ്‍ X പുറത്തിറങ്ങും. അതിവേഗ ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ് സംവിധാനം എന്നിവ ഫോണിലുണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഐഫോണ്‍ 8, ഐഫോണ്‍ 8പ്ലസ്
ഐഫോണ്‍ 7 പരമ്പരയിലേത് പോലെ 4.7 ഇഞ്ചിന്റെ എല്‍സിഡി ഡിസ്പ്ലേ ആയിരിക്കും ഐഫോണ്‍ 8ന്. അതേസമയം 5.5 ഇഞ്ചിന്റെ ഡിസ്പ്ലേ ആയിരിക്കും ഐഫോണ്‍ 8പ്ലസിന്. മുന്‍ ഫോണുകളിലുണ്ടായിരുന്ന അലൂമിനിയം രൂപകല്പനയില് മാറ്റമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. വയര്‍ലെസ് ചാര്‍ജിങ്, അതിവേഗ ചാര്‍ജിങ് സംവിധാനങ്ങള്‍ പുതിയ ഫോണുകളില്‍ അവതരിപ്പിക്കാനാണ് സാധ്യത. ഐഫോണ്‍ 8 പ്ലസില്‍ ഡ്യുവല്‍ ക്യാമറയും ഉണ്ടാവും.
ആപ്പിള്‍ വാച്ച്
4ജി വോള്‍ടി സൗകര്യത്തോടുകൂടിയുള്ള ആപ്പിള്‍ വാച്ച് 3 ആയിരിക്കും ഇന്നത്തെ ചടങ്ങിലെ മറ്റൊരാകര്‍ഷണം. ഐഫോണിന്റെ സഹായമില്ലാതെ പൂര്‍ണമായും എല്‍ടിഇ സൗകര്യത്തോടെയായിരിക്കും ആപ്പിള്‍ വാച്ച് 3യുടെ പ്രവര്‍ത്തനം. സ്വിം പ്രൂഫ് സൗകര്യം ഉള്‍പ്പെടുത്തിയ ആപ്പിള്‍ വാച്ച് 2 ഉം ചടങ്ങില്‍ അവതരിപ്പിച്ചേക്കും.