തിവുപോലെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആപ്പിള്‍ പുതിയ ഐഫോണ്‍ പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. ഐഫോണിറങ്ങിയിട്ട് ഒരു ദശകം തികയുന്ന വേളയില്‍ പുറത്തിറക്കുന്ന ഫോണിന് ഐഫോണ്‍ ടെന്‍ (Iphone X) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഫെയ്‌സ് ഡിറ്റക്ഷന്‍ മുതല്‍ ഏറെ പുതുമകളോടെയും സമൂലമായ നിരവധി മാറ്റങ്ങളോടെയുമാണ് പുതിയ ഐഫോണ്‍ രംഗത്തിറക്കിയിരിക്കുന്നത്. പൊതുവേദിയില്‍ ആപ്പിള്‍ ഐഫോണ്‍ ടെന്നിനെ കുറിച്ച് പറഞ്ഞ നിരവധി കാര്യങ്ങളുണ്ട്. ഇതാ ഐഫോണ്‍ ടെന്നിനെ കുറിച്ച് അധികമാരും ഊന്നിപ്പറയാത്ത 5 കാര്യങ്ങള്‍.

image1. ഐഫോണ്‍ 10, 256 ജിബി പതിപ്പിന് വില 1,149 ഡോളറാണ് - ഇന്ത്യയില്‍ 1.02 ലക്ഷം രൂപ

ഐഫോണ്‍ ടെന്നിന്റെ വില 999 ഡോളര്‍ മുതല്‍ തുടങ്ങുന്നു എന്നാണ് ആപ്പിളിന്റെ പരസ്യങ്ങളില്‍ പൊതുവെ കാണുന്നത്. ഐഫോണ്‍ ടെന്നിന്റെ 64 ജിബി സ്‌റ്റോറേജ് പതിപ്പിന്റെ വിലയാണ് 999 ഡോളര്‍ എന്നാൽ ഇന്ത്യയിലെത്തുമ്പോൾ ഫോണിന് വില 89,000 രൂപ വരും. എന്നാല്‍ 256 ജിബി പതിപ്പിന് വില 1,149 ഡോളറാണ് ഇന്ത്യയില്‍ ഇതിന് വില ഏകദേശം 1.02 ലക്ഷം രൂപ വരും. ഫോണിനേല്‍ക്കുന്ന പരിക്കുകള്‍ പരിഹരിക്കുന്നതിനായുള്ള ആപ്പ് കെയര്‍ പ്ലസ് സേവനത്തിന് ഇതിന് പുറമെ പണം ചിലവാക്കേണ്ടതായും വരും.

image2. അതിവേഗ ചാര്‍ജിങ്

ആപ്പിള്‍ ഐഫോണ്‍ ടെന്നിന്റെ ഒരു പ്രത്യേകത അതിവേഗ ചാര്‍ജിങ് ആണ്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഐഫോണ്‍ 8, ഐഫോണ്‍ 8പ്ലസ് ഫോണുകള്‍ക്കും ഇതേ ഫീച്ചര്‍ ലഭ്യമാണ്. ആദ്യമായി ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം അവതരിപ്പിക്കുന്ന ഐഫോണുകളും ഇവ തന്നെയാണ്. അതായത് ചാര്‍ജിലിട്ട് 30 മിനിറ്റിനുള്ളില്‍ തന്നെ 50 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

image

3. ഗലീലിയോ സപ്പോര്‍ട്ട്

യുഎസ് സൈന്യം നിര്‍മ്മിച്ച ജിപിഎസ്‌ നെറ്റ് വര്‍ക്ക് മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഐഫോണില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2011ല്‍ റഷ്യന്‍ നിര്‍മ്മിത ഗതി നിര്‍ണയ സംവിധാനമായ ഗ്ലോനാസും ഐഫോണില്‍ ഉള്‍പ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ പുതിയൊരു ഗതി നിര്‍ണയ സംവിധാനം കൂടി ഐഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 2016ല്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായ യൂറോപ്പിന്റെ ഗലീലിയോ സാറ്റലൈറ്റ് സിസ്റ്റവും ഇപ്പോള്‍ ഐഫോണില്‍ പ്രവര്‍ത്തിപ്പിക്കാനാവും. ഏഷ്യാ പസഫിക് മേഖലയിലെ കൃത്യമായ സ്ഥാന നിര്‍ണയത്തിന് ജപ്പാന്റെ ഖ്വാസി സെനിത് സാറ്റലൈറ്റ് സിസ്റ്റവും പുതിയ ഐഫോണുകളില്‍ ഉള്‍പെടുത്തിയിട്ടുണ്ട് (QZSS). 

image

4. ഗാലക്‌സി നോട്ട് 8 നുള്ള അത്രയും തെളിച്ചം ഐഫോണ്‍ ടെന്‍ സ്‌ക്രീനിനില്ല

ഐഫോണ്‍ ടെന്നിന്റെ വിപണിയിലിലുള്ള പ്രമുഖ എതിരാളികളില്‍ ഒന്നാണ് സാംസങ് ഗാലക്‌സി നോട്ട് 8. ഐഫോണിന് സമാനമായി അത്യാധുനിക സൗകര്യങ്ങളോടെയാണ് സാംസങ് ഗാലക്‌സി നോട്ട് 8 പുറത്തിറക്കിയത്. ഡിസ്‌പ്ലേ തെളിച്ചത്തിന്റെ കാര്യത്തില്‍ ആപ്പിള്‍ ഐഫോണ്‍ ടെന്നിനേക്കാള്‍ തെളിച്ചം കൂടുതല്‍ ഗാലക്‌സി നോട്ട് 8നാണെന്നാണ് അടുത്തിടെ വന്ന ഒരു പഠനം സൂചിപ്പിക്കുന്നത്. ഐഫോണ്‍ ടെന്‍ ഡിസ്‌പ്ലേ 625 nits പ്രകാശം പുറപ്പെടുവിക്കുമ്പോള്‍, സാംസങ് ഗാലക്‌സി നോട്ട് 8 ഡിസ്‌പ്ലേ തെളിച്ചം 1,240 nits ആണ്. ഇതുവരെ കണ്ടതില്‍ ഏറ്റവും തെളിച്ചമേറിയ ഡിസ്‌പ്ലേ ഗാലക്‌സി നോട്ട് 8ന്റേതാണെന്നും ഡിസ്‌പ്ലേ മേറ്റ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

image5. സെല്‍ഫി ക്യമറയില്‍ യാതൊരു മാറ്റവുമില്ല

പിന്നില്‍ ഡ്യുവല്‍ ക്യാമറ അവതരിപ്പിച്ചെങ്കിലും സെല്‍ഫി ക്യാമറയില്‍ ആപ്പിള്‍ മാറ്റമൊന്നുമില്ല. മുഖം തിരിച്ചറിയാന്‍ ശേഷിയുള്ള ട്രൂ ഡെപ്ത് ക്യാമറ സിസ്റ്റം ഉള്‍പ്പടെ ഫോണിന് മുന്നില്‍ ക്രമീകരിച്ചിട്ടുണ്ടെങ്കിലും സെല്‍ഫി ക്യാമറ ഐഫോണ്‍ 7 ലേത് പോലെ 7 മെഗാപിക്‌സല്‍ സെന്‍സറിന്റേത് തന്നെയാണ്.