എയര്‍ടെല്‍ അടുത്തിടെ തുടക്കം കുറിച്ച എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും ഐഫോണ്‍ ടെന്‍ സ്മാര്‍ട്‌ഫോണ്‍ വാങ്ങാം. എങ്കിലും എയര്‍ടെലിന്റെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ സ്‌റ്റോര്‍ വഴി ഫോണ്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഫ്ലിപ്​കാർട്ട്, ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഐഫോണ്‍ ടെനിനായുള്ള പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും എയര്‍ടെല്‍ സ്റ്റോറില്‍ ഇതുവരെ ഐഫോണ്‍ ടെന്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

നവംബര്‍ മൂന്ന് വെള്ളിയാഴ്ച മുതല്‍ എയര്‍ടെല്‍ വെബ്‌സൈറ്റില്‍ ഫോണ്‍ ലഭ്യമാവുമെന്നാണ് വിവരം. ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും സിറ്റിബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ ടെന്‍ വാങ്ങുന്നവര്‍ക്ക് 10,000 രൂപ കാഷ് ബാക്ക് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്കും ശനിയാഴ്ച രാവിലെ ഏഴ് മണിക്കും ഇടയില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് മാത്രമേ കാഷ്ബാക്ക് ലഭിക്കുകയുള്ളൂ എന്ന നിബന്ധനയും ഉണ്ട്. 

എയര്‍ടെല്‍ സ്റ്റോറില്‍ നിന്നും ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് പ്രീപെയ്ഡില്‍ നിന്നും പോസ്റ്റ് പെയ്ഡിലേക്ക് മാറേണ്ടതായിവരും. 

ഒക്ടോബര്‍ 27നാണ് ഐഫോണ്‍ ടെന്നിനായുള്ള പ്രീ ഓര്‍ഡര്‍ ആരംഭിച്ചത്. രാജ്യ വ്യാപകമായി ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ വെള്ളിഴ്ച മുതല്‍ ഐഫോണ്‍ ടെന്‍ വിതരണം ആരംഭിക്കും. ഐഫോണ്‍ ടെന്‍ 64 ജിബി പതിപ്പിന് 89,000 രൂപയാണ് വില. 256 ജിബി പതിപ്പിന് 1,02,000 രൂപയാണ് വില.

Content Highlights: Airtel, Airtel Online Store, Iphone X, Apple, Flipkart, Amazon