ഒരു കമ്പനി എന്ന നിലയ്ക്ക് ആപ്പിളിന്റെ നിര്‍ണായകമായൊരു ചുവടുവെപ്പാണ് ഐഫോണ്‍ 7 എന്ന് ഇന്ത്യന്‍ എക്സ്പ്രസ് ന്യൂ മീഡിയ എഡിറ്റര്‍ നന്ദഗോപാല്‍ രാജന് അഭിപ്രായപ്പെടുന്നു. കോഴിക്കോട് സ്വദേശിയായ നന്ദഗോപാല്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഇന്നലെ നടന്ന ഐഫോണ്‍ 7 പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
''ഇന്ത്യ, ചൈന പോലുള്ള പുതിയ വിപണികള്‍ ലക്ഷ്യമിട്ടാണ് ആപ്പിള്‍ ഐഫോണ്‍ 7 പുറത്തിറക്കുന്നത്. അമേരിക്കന്‍, യൂറോപ്യന്‍ വിപണികളില്‍ ആപ്പിളിന്റെ വളര്‍ച്ച ഏതാണ്ട് നിലച്ച മട്ടാണ്. ഈ വിപണികളില്‍ നിന്ന് പ്രതിവര്‍ഷം ഒന്നോ രണ്ടോ ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച ആപ്പിള്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ അതല്ല സ്ഥിതി. ഇവിടെയൊക്കെ എത്രയോ പേര് ഇനിയും സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചുതുടങ്ങാനുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയും ചൈനയും അതീവപ്രാധാന്യമുള്ള വിപണികളാണ് ആപ്പിളിന്. ഇത്തവണ ഐഫോണ്‍ പുറത്തിറക്കുമ്പോള്‍ വില അല്പം കുറച്ചുകൊണ്ടുവരാന്‍ ആപ്പിള്‍ ശ്രമിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കുള്ളതല്ല ഐഫോണ്‍ എന്ന കാര്യം മനസിലാക്കേണ്ടതുണ്ട്. ആപ്പിള്‍ ഐഫോണ്‍ ഒരു പ്രീമിയം ഗാഡ്ജറ്റാണ്. ആ പ്രീമിയം ടാഗ് കളഞ്ഞ് എല്ലാവരിലുമെത്തണമെന്ന് ആപ്പിള്‍ ചിന്തിക്കുന്നേയില്ല. എന്നാലും കഴിഞ്ഞ വര്‍ഷം 62,000 രൂപ പ്രാരംഭവിലയ്ക്ക് പുറത്തിറക്കിയ ഫോണിന്റെ പുതിയ വെര്ഷന് ഇത്തവണ 60,000 രൂപയ്ക്കാണ് ആപ്പിള്‍ പുറത്തിറക്കുന്നത്. കഴിഞ്ഞവര്‍ഷം 16 ജി.ബി. ഇന്റേണല്‍ സ്റ്റോറേജ് വെര്‍ഷനായിരുന്നു പുറത്തിറക്കിയതെങ്കില്‍ ഇത്തവണ ഇന്റേണല്‍ സ്റ്റോറേജ് 32 ജി.ബിയായി വര്‍ധിച്ചിട്ടുണ്ട് എന്ന കാര്യവും ഓര്‍ക്കണം. മുടക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം നല്‍കുകയാണ് ആപ്പിള്‍. അതുകൊണ്ട് തന്നെ ഐഫോണ്‍ 7 ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നുതന്നെ കരുതുന്നു''- നന്ദഗോപാലിന്റെ വാക്കുകള്‍.
ആപ്പിള്‍ ഐഫോണ്‍ 7ന്റെ പുറത്തിറക്കല്‍ ചടങ്ങില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ടായിരുന്നുവെന്ന് നന്ദഗോപാല്‍ പറയുന്നു. ''ചടങ്ങ് തീരുന്നതിന് തൊട്ടുമുമ്പായി ഐഫോണ്‍ 7ന്റെ നിര്‍മാണഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ച എഞ്ചിനിയര്‍മാരോട് എഴുന്നേറ്റ് നില്ക്കാന് ആപ്പിള്‍ സി.ഇ.ഒ. ടിം കുക്ക് അഭ്യര്‍ഥിച്ചു. എഴുന്നേറ്റു നിന്നവരില്‍ ഒട്ടേറെ ഇന്ത്യക്കാരുമുണ്ടായിരുന്നു. എന്റെ തൊട്ടുമുമ്പിലിരുന്ന ഒരു ഇന്ത്യന്‍ വനിതയും അക്കൂട്ടത്തില്‍ എഴുന്നേറ്റുനിന്നു. ശരിക്കും അഭിമാനം പകരുന്ന മുഹൂര്‍ത്തമായിരുന്നു അത്. ഐഫോണ്‍ എന്നല്ല സിലിക്കണ്‍ വാലിയില്‍ നിന്ന് നിന്നിറങ്ങുന്ന ഏതൊരു ഇലക്ട്രോണിക് ഉത്പന്നത്തിന്റെയും പിന്നില്‍ ഒരു ഇന്ത്യക്കാരന് ടെക്നോക്രാറ്റിന്റെ തലച്ചോറ് പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ വില ലോകരാജ്യങ്ങള്‍ തിരിച്ചറിയുന്നത് അങ്ങനെയാണ്'' നന്ദഗോപാല്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..