മേരിക്കയില്‍ ചാരവൃത്തി ആരോപണവും നിരോധനവും ഉള്‍പ്പടെ വലിയ വെല്ലുവിളികള്‍ നേരിടുമ്പോഴും വിപണിയില്‍ തളരാതെ ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡ്‌ വാവേ (Huawei). ചൈനീസ് വിപണിയില്‍ വന്‍ കുതിപ്പാണ് വാവേ നടത്തിയത്. 

വാവേയുടെ മേറ്റ് 30 5ജി, മേറ്റ് 30 പ്രോ 5ജി സ്മാര്‍ട്‌ഫോണുകള്‍ നവംബര്‍ ഒന്നിനാണ് ചൈനയില്‍ വില്‍പനയ്‌ക്കെത്തിയത്. വില്‍പനയ്‌ക്കെത്തി ഒരു മിനിറ്റില്‍ ഒരു ലക്ഷം ഫോണുകള്‍ വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി വില്‍പനയില്‍ വലിയ നേട്ടമാണ് കമ്പനിയ്ക്കുണ്ടായത്. 

മേറ്റ് 30, മേറ്റ് 30 പ്രോ സ്മാര്‍ട്‌ഫോണുകളുടെ 5ജി പതിപ്പുകള്‍ അന്താരാഷ്ട്ര വിപണിയില്‍ വില്‍പനയ്‌ക്കെത്തിച്ചിട്ടില്ല. അമേരിക്കയുടെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍  ഗൂഗിള്‍ ആപ്ലിക്കേഷനുകളും സേവനങ്ങളും ഇല്ലാതെ മാത്രമേ കമ്പനിയ്ക്ക് ഫോണ്‍ ചൈനയ്ക്ക് പുറത്ത് വില്‍പ്പനയ്‌ക്കെത്തിക്കാന്‍ കഴിയൂ. ഇത് കമ്പനി നേരിടുന്ന വെല്ലുവിളിയാണ്. 

എന്തായാലും ചൈനയില്‍ മികച്ച പ്രതികരണമാണ് മേറ്റ് 30 പരമ്പര ഫോണുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ വിപണിയിലെത്തിയത് മുതല്‍ 10 ലക്ഷം 5ജി ഇല്ലാത്ത മേറ്റ് 30 ഫോണുകള്‍ വിറ്റഴിച്ചിട്ടുണ്ട്.  ഈ വര്‍ഷം രണ്ട് കോടി മേറ്റ് 30 ഫോണുകള്‍ വില്‍ക്കാനാണ് കമ്പനിയുടെ പദ്ധതി. എന്നാല്‍ ഗൂഗിള്‍ സേവനങ്ങളില്ലാതെ ചൈനയ്ക്ക് പുറത്ത് ഫോണിന്റെ പ്രവര്‍ത്തനം എങ്ങനെയാവുമെന്ന് കണ്ടറിയണം. 

മേറ്റ് 30 പരമ്പര ഫോണുകളുടെ 5ജി ഇല്ലാത്ത പതിപ്പുകള്‍ ഇന്ത്യയിലും അവതരിപ്പിച്ചേക്കും എന്നാല്‍ കൃത്യമായൊരു തീയ്യതി വാവേ പുറത്തുവിട്ടിട്ടില്ല. ഗൂഗിള്‍ ആപ്ലിക്കേഷനുകളും സേവനങ്ങളും ഇല്ലാതെയാണ് ഫോണുകള്‍ ഇന്ത്യയിലെത്തുക. ഈ കാരണം കൊണ്ടുതന്നെ ആഗോള വിപണിയില്‍ വാവേ വെല്ലുവിളി നേരിടേണ്ടി വരും.