സ്മാര്‍ട്‌ഫോണും മറ്റ് ഗാഡ്ജറ്റുകളും ഇറക്കുന്ന കാര്യത്തില്‍ ഈ വര്‍ഷം റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ചൈനീസ് മൊബൈല്‍ കമ്പനിയായ വാവെ ( Huawei ). വാവെ പി8, വാവെ പി8 മാക്‌സ്, വാവെ ഹോണര്‍ 7, വാവെ ഹോണര്‍ 7ഐ, വാവെ മേറ്റ് എസ് എന്നീ സ്മാര്‍ട്്‌ഫോണുകളും മീഡിയാപാഡ് എക്‌സ്2 എന്ന ടാബ്‌ലറ്റും കമ്പനി 2015 ല്‍ പുറത്തിറക്കി. ഇതിനുപുറമെ വാവെ വാച്ച് എന്ന പേരില്‍ ഒരു വെയറബിള്‍ ഡിവൈസും കമ്പനി അവതരിപ്പിച്ചു. 

ഇപ്പോഴിതാ ഹോണര്‍ പ്ലേ 5എക്‌സ് എന്ന പേരില്‍ ഒരു ഫോണ്‍ കൂടി കമ്പനി വില്പനയ്‌ക്കെത്തിച്ചിരിക്കുന്നു. കഴിഞ്ഞവര്‍ഷമിറങ്ങിയ ഹോണര്‍ പ്ലേ 4എക്‌സിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. 

2014 ഒക്ടോബറില്‍ പുറത്തിറങ്ങിയ പ്ലേ 4എക്‌സ് ഒരു കോടി യൂണിറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. അതേ വിജയം പുതിയ മോഡലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് വാവെ. 999 യുവാനാണ് (10,199 രൂപ) പ്ലേ 5എക്‌സിന് വിലയിട്ടിരിക്കുന്നത്. 

Huawei Honor Play 5X

സ്വര്‍ണം,വെള്ള, ചാര നിറങ്ങളിലെത്തുന്ന വാവെ പ്ലേ5 എക്‌സില്‍ 1280X720 പിക്‌സല്‍ റിസൊല്യൂഷനുള്ള അഞ്ചിഞ്ച് ഹൈഡെഫനിഷന്‍ ഡിസ്‌പ്ലേയാണുള്ളത്. 1.3 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള മീഡിയാടെക്കിന്റെ ക്വാഡ്‌കോര്‍ പ്രൊസസര്‍, രണ്ട് ജിബി റാം, 16 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. 

13 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുളളത്. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ വാവെയുടെ സ്വന്തം ഇഎംയുഐ 3.0 യൂസര്‍ ഇന്റര്‍ഫേസുമുണ്ട്. 

കണക്ടിവിറ്റിക്കായി 4ജി അടക്കമുളള എല്ലാ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്ന ഫോണില്‍ 4000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 

ഒക്‌ടോബര്‍ 16 മുതല്‍ ചൈനീസ് വിപണിയില്‍ പ്ലേ 5 എക്‌സ് വില്പന തുടങ്ങും. ഇന്ത്യയില്‍ ഈ ഫോണ്‍ എന്നെത്തുമെന്ന കാര്യം അറിവായിട്ടില്ല.