ഓണര്‍ പരമ്പരയില്‍ വാവേ കമ്പനി പുറത്തിറക്കിയ പുതിയ  സ്മാര്‍ട്ട്‌ഫോണാണ് 'വാവേ ഓണര്‍ 8' ( Huawei Honor 8 ). മൊബൈല്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ മോഡല്‍ രണ്ടുദിവസം മുമ്പാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്ക് ആകര്‍ഷകമാകുന്ന മോഡലാണ് ഓണര്‍ 8. പിന്നില്‍ ഇരട്ടക്യാമറകള്‍ പിടിപ്പിച്ചാണ് ഫോണിന്റെ വരവ്. 29,999 രൂപയാണ് ഫോണിന്റെ വില.

വാവേയുടെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലേക്ക് ലോഹചട്ടക്കൂടില്‍ തീര്‍ത്ത ബോഡിയും പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ച ഗ്ലാസ് പ്രതലവുമായാണ് ഓണര്‍  8 എത്തിയിരിക്കുന്നത്. ഓണര്‍ 7 എന്ന മോഡലിന്റെ പിഗാമിയായാണിത്.

1920X1080 പിക്‌സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെയോട് കൂടിയ ഓണര്‍ 8 ന് 2.3 ജിഗാഹെട്‌സ്  ഒക്ടാകോര്‍ പ്രോസസറാണ്  ഫോണിന് കരുത്തേകുന്നത്. 4 ജിബി റാമും ഫോണിലുണ്ട്. 

ഒഴുക്കുള്ള ആകര്‍ഷകമായ  രൂപകല്‍പ്പനയോടെ എത്തിയ ഓണര്‍ 8ന് ഗ്രിപ്പ് കുറവാണെന്നത് എളുപ്പത്തില്‍ കയ്യില്‍ നിന്ന് ഫോണ്‍ വഴുതിപ്പോകാന്‍ കാരണമായേക്കാം. ഹോംബട്ടണില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ കൂട്ടിച്ചേര്‍ക്കാന്‍ കൂടി വാവേ മെനക്കെട്ടിരുന്നെങ്കില്‍ ഓണറിന്റെ ഈ മോഡല്‍ കൂടുതല്‍ ആകര്‍ഷകമായേനെ. 

32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജോടെ എത്തുന്ന ഫോണിന്റെ സംഭരണശേഷി മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ വികസിപ്പിക്കാം. സി ടൈപ്പ്  മൈക്രോ യുഎസ്ബി പോര്‍ട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയുള്ള ഫോണില്‍ രണ്ടു സിം ഇടാനുള്ള സൗകര്യമുണ്ട്. എന്നാല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കുമ്പോള്‍ ഒരു സിം മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇതുമൂലം ഇതിനെ ഒറ്റ സിമ്മില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ എന്ന് പറയേണ്ടി വരും. 

Huawei Honor 8
ചിത്രം കടപ്പാട്: News 18

 

ലോക്ക്/അണ്‍ലോക്കിനുള്ള സൗകര്യത്തിനു പുറമേ ഷോട്ട്കട്ട് കീയായി പ്രവര്‍ത്തിപ്പിക്കാനും ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ബട്ടനില്‍ സൗകര്യമുണ്ട്.

10 മണിക്കൂര്‍ വരെ  ഓഫ്ലൈന്‍ വീഡിയോ പ്ലേബാക്ക് നല്‍കുന്ന 3000 എംഎഎച്ച്  ബാറ്ററിയാണ് ഫോണിലുള്ളത്. വെറും അരമണിക്കൂര്‍ സമയം കൊണ്ട് 42 ശതമാനം വരെ ചാര്‍ജ്ജ് സംഭരിക്കാന്‍ ബാറ്ററിക്ക് കഴിയും. എന്നാല്‍ മൊബൈലിനൊപ്പം ലഭിക്കുന്ന ചാര്‍ജര്‍ ഉപയോഗിച്ചാല്‍ മാത്രമേ ഈ നിരക്കില്‍ ചാര്‍ജിങ് സാധ്യമാകുകയുള്ളൂ. 

12 എംപി ഇരട്ട പിന്‍ക്യാമറകളാണ് ഫോണിലുള്ളത്. ഒരു ക്യാമറ കളര്‍ പിക്ചര്‍ ഇന്ഫര്‍മെഷനുകള്‍ രേഖപ്പെടുത്തുമ്പോള്‍ അടുത്തത് ഫ്രെയിമിലെ മോണോക്രോം വിവരങ്ങള്‍ സെന്‍സര്‍ വഴി പ്രോസസറിലെത്തിക്കുന്നു. ഇതുലൂടെ മിഴിവേറിയ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഫോണിനു സാധിക്കും. 

ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷിന്റെ സഹായത്തോടെ കുറഞ്ഞ വെളിച്ചത്തിലും മികച്ച ദൃശ്യാനുഭവം സമ്മാനിക്കാന്‍ ക്യാമറകള്‍ക്ക് കഴിയും.  ആപ്പിലെ പ്രോ മോഡ് ഉപയോഗിച്ച് ഡിഎസ്എല്‍ആര്‍ പോലെ മാനുവല്‍ മോഡില്‍ ഹോണര്‍ 8 ന്റെ ക്യാമറ  ഉപയോഗിക്കാന്‍  കഴിയുമെന്നത്  മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫിക്ക് അവസരമൊരുക്കുന്നു. ഫോണിന്റെ 8 മെഗാപിക്‌സല്‍ മുന്‍ക്യാമറ സെല്‍ഫി പ്രേമികളെ ആകര്‍ഷിക്കും.

4G കണക്ടിവിറ്റിയെ പിന്തുണക്കുന്ന ഓണര്‍ 8 സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 6.0 മാഷ്മലോ അധിഷ്ഠിതമായ  ഇമോഷന്‍ 4.1 യുഐ യിലാണ് പ്രവര്‍ത്തിക്കുന്നത്. 4ജി കൂടാതെ എന്‍എഫ്‌സി കണക്റ്റിവിറ്റിയും ഫോണില്‍ ലഭ്യമാണ്. മറ്റ് കമ്പനികളുടെ ഫ്‌ലാഗ്ഷിപ്പ് ഫോണുകളെപ്പോലെ ഓണര്‍ 8 ലും എഫ്എം റേഡിയോ സൗകര്യമില്ല. 
 
shiyazmirza@outlook.com