ഗൂഗിളുമായി ചേര്‍ന്ന് റിലയന്‍സ് ജിയോ പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്‌ഫോണ്‍ ആണ് ജിയോഫോണ്‍ നെക്‌സ്റ്റ്. 6499 രൂപയാണ് ഇതിന് വില. ദീപാവലിയ്ക്കാണ് വില്‍പന ആരംഭിക്കുക. 1999 രൂപ നല്‍കി ഫോണ്‍ വാങ്ങാനും ജിയോ സൗകര്യമൊരുക്കിയിട്ടുണ്ട്. ബാക്കി തുക തവണകളായി നല്‍കിയാല്‍ മതി. 

ക്വാല്‍കോം പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ ആന്‍ഡ്രോയിഡില്‍ അധിഷ്ഠിതമായ പ്രഗതി ഓഎസ് ആണുള്ളത്. ജിയോഫോണ്‍ നെക്‌സ്റ്റിന് വേണ്ടി മാത്രം പ്രത്യേകമായി തയ്യാറാക്കിയ ആന്‍ഡ്രോയിഡ് ഓഎസ് ആണിത്. 10 ഇന്ത്യന്‍ ഭാഷകള്‍ ഇത് പിന്തുണയ്ക്കും. സ്‌ക്രീനിലുള്ളത് ആളുകള്‍ക്ക് സ്വന്തം ഭാഷയില്‍ വായിക്കാന്‍ സാധിക്കുന്ന  തര്‍ജ്ജമ സൗകര്യവും ഇതിലുണ്ട്. ചിത്രങ്ങളിലെ വാക്കുകളും തര്‍ജ്ജമ ചെയ്യാനാവും. 

ജിയോഫോണ്‍ നെക്‌സ്റ്റ് എങ്ങനെ വാങ്ങാം?

  • ജിയോമാര്‍ട്ട് റീട്ടയിൽ ഷോപ്പില്‍ ചെന്നോ ജിയോയുടെ വെബ്‌സൈറ്റിലൂടെയോ ഫോണ്‍ വാങ്ങാനുള്ള താല്‍പര്യം അറിയിക്കാം. 
  • 7018270182 എന്ന നമ്പറില്‍ 'Hi' എന്ന് വാട്‌സാപ്പ് സന്ദേശമയച്ചാല്‍ മതി. 
  • ബുക്കിങ് സ്ഥിരീകരണം ലഭിച്ചാല്‍ അവര്‍ക്ക് ജിയോ സ്‌റ്റോറില്‍ നിന്ന് ഫോണ്‍ കൈപ്പറ്റാം. 

ജിയോഫോണ്‍ നെക്‌സ്റ്റ് പ്ലാനുകളും സ്‌കീമുകളും

തുടകത്തില്‍ 1999 രൂപ നല്‍കി ഫോണ്‍ വാങ്ങാനാവും. പിന്നീട് 18 മാസത്തേയോ 24 മാസത്തേയോ തവണകളായി ബാക്കി തുക നല്‍കാം. ജിയോഫോണ്‍ നെക്‌സ്റ്റ് ഉപഭോക്താക്കള്‍ക്കായി ചില ഫിക്‌സഡ് പ്ലാനുകളുണ്ട്. 1999 രൂപ നല്‍കിയതിന് ശേഷമുള്ള ബാക്കി തവണകള്‍ ഈ പ്ലാനുകള്‍ക്കൊപ്പം തന്നെ നല്‍കാം. 501 രൂപ പ്രൊസസിങ് ഫീസും നല്‍കണം. ഫിനാന്‍സിങ് പ്ലാനുകള്‍ ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നാല് പ്ലാനുകളായി വിഭജിച്ചിട്ടുണ്ട്. 

ഓള്‍വേയ്‌സ്- ഓണ്‍ പ്ലാന്‍: 1999 രൂപ നല്‍കിയതിന് ശേഷം ഉപഭോക്താക്കള്‍ക്ക് 300 രൂപയുടേയോ, 350 രൂപയുടേയോ പ്ലാനുകള്‍ തിരഞ്ഞെടുക്കാം. 300 രൂപയുടെ പ്ലാന്‍ ആണ് തിരഞ്ഞെടുക്കുന്നത് എങ്കില്‍ ആ തുക 24 മാസം നല്‍കണം. 350 രൂപയാണ് നല്‍കുന്നത് എങ്കില്‍ 18 മാസം നല്‍കണം. ഈ പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 5 ജിബി ഡാറ്റയും 100 മിനിറ്റ് കോളിങും ലഭിക്കും.

ലാര്‍ജ് പ്ലാന്‍ 

24 മാസത്തേക്കുള്ള ഇതില്‍ 450 രൂപയുടെ പ്ലാനും 18 മാസത്തേക്കുള്ള 500 രൂപയുടെ പ്ലാനും വാങ്ങാം. ഇതില്‍ ദിവസേന 1.5 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും.

എക്‌സ്എല്‍ പ്ലാന്‍

24 മാസത്തേക്കുള്ള 500 രൂപയുടെ പ്ലാനും, 18 മാസത്തേക്കുള്ള 550 രൂപയുടെ പ്ലാനുമാണിതില്‍. പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ഈ പ്ലാനുകള്‍ക്കൊപ്പം ലഭിക്കും. 

ഡബിള്‍ എക്‌സ് എല്‍ പ്ലാന്‍

24 മാസത്തേക്കുള്ള 550 രൂപയുടെ പ്ലാന്‍, 600 രൂപയുടെ 18 മാസത്തെ പ്ലാന്‍ എന്നിവയാണിതില്‍. പ്രതിദിനം 2.5 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ഇതില്‍ ലഭിക്കും. 

സവിശേഷതകള്‍

5.45 ഇഞ്ച് എച്ച്ഡി റസലൂഷനിലുള്ള (720 X 1440) സ്‌ക്രീന്‍, കോണിങ്‌ഗൊറില്ല ഗ്ലാസ് സംരക്ഷണം, ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിങ് എന്നിവയുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ക്യുഎം-215 പ്രൊസസറില്‍ രണ്ട് ജിബി റാമുണ്ട്. 32 ജിബി സ്റ്റോറേജുണ്ട്. 512 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. 13 എംപി റിയര്‍ ക്യാമറ, എട്ട് എംപി ഫ്രണ്ട് ക്യാമറ, 3500 എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ നാനോ സിം സൗകര്യം. വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി മൈക്രോ യുഎസ്ബി തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ആക്‌സിലറോ മീറ്റര്‍, ലൈറ്റ് സെന്‍സര്‍, പ്രൊക്‌സിമിറ്റി സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളും ഇതിനുണ്ട്.