വാവേയുടെ സഹ ബ്രാന്‍ഡ് ആയ ഓണറിന്റെ  9എക്‌സ് പ്രോ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ,സാധാരണ ആന്‍ഡ്രോയിഡ് ഫോണുകളിലെല്ലാം ലഭിക്കുന്ന ഗൂഗിള്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് പകരമായി 'വാവേയ് മൊബൈല്‍ സര്‍വീസസ് '(എച്ച്എംഎസ്) ഉപയോഗിച്ചുകൊണ്ട് ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണ് ഓണര്‍ 9 എക്‌സ് പ്രോ. അതുകൊണ്ടു തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറിന് പകരം വാവേയുടെ ആപ്പ് ഗാലറിയാണ് ഫോണിലുണ്ടാവുക. 

17,999 രൂപ വിലയുള്ള ഓണര്‍ 9എക്‌സ് പ്രോയിലില്‍ ആറ് ജിബി റാമും, 256 ജിബി സ്‌റ്റോറേജുമാണ് ഉള്ളത്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും. 

സാധാരണ ആന്‍ഡ്രോയിഡ് ഫോണല്ല ഇത്

വിപണിയില്‍ സര്‍വസാധാരണമായി ലഭിക്കുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ ആയിരിക്കില്ല ഓണര്‍ 9എക്‌സ് പ്രോ. ഈ ഫോണ്‍ ഉപയോക്താവിന് തീര്‍ച്ചയായും പുതിയ അനുഭവമായിരിക്കും. കാരണം ഗൂഗിള്‍ സേവനങ്ങളായ ഗൂഗിള്‍ പ്ലേസ്റ്റോറ്, ഡ്രൈവ്, ഗൂഗിള്‍ മാപ്പ് ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകള്‍ ഈ ഫോണില്‍ ലഭിക്കില്ല. 

ഗൂഗിള്‍ പ്ലേ സ്‌റ്റോറിന് പകരം വാവേയുടെ തന്നെ സ്വന്തം ആപ്പ് ഗാലറിയാണ് ഫോണിലുണ്ടാവുക. അതില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള അത്രയും ആപ്ലിക്കേഷനുകളുടെ ശേഖരം ഇല്ലതാനും. എന്നാല്‍ ഫ്‌ളിപ് കാര്‍ട്ട്, ഗ്രോഫേഴ്‌സ്, മാപ്പ് മൈ ഇന്ത്യ, മൈ എയര്‍ടെല്‍, പേടിഎം, സൊമാറ്റോ പോലുള്ള ആപ്ലിക്കേഷനുകള്‍ ഇതില്‍ ലഭിക്കും. സര്‍ക്കാര്‍ ആപ്ലിക്കേഷനുകളായ ആരോഗ്യ സേതു, ഡിജി ലോക്കര്‍ എന്നിവയും ആപ്പ് ഗാലറിയില്‍ ഉണ്ടാവും. എന്നാല്‍ ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ് ഫ്‌ളിക്‌സ് പോലുള്ളവ ഇതില്‍ ഇല്ല. 

വാവേയുംമായി വാണിജ്യ ഇടപാടിലേര്‍പ്പെടുന്നത് അമേരിക്കന്‍ ഭരണകൂടം വിലക്കിയതിനെ തുടര്‍ന്നാണ് ജനപ്രിയ ആപ്ലിക്കേഷനുകളും ഏറെ പ്രചാരമുള്ള ഗൂഗിള്‍ മൊബൈല്‍ സര്‍വീസും വാവേ ഫോണുകളില്‍ നിന്നും നഷ്ടമായത്. ഈ നിരോധനം നീണ്ടു പോയതോടെയാണ് കമ്പനി പകരം സംവിധാനങ്ങള്‍ രംഗത്തിറക്കിയത്. അതേസമയം പ്രീയപ്പെട്ട ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാനാവില്ലെങ്കിലും അവയുടെ എപികെ ഫയലുകള്‍ ഉപയോഗിച്ച് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. 

ഡ്യുവല്‍ സിം സൗകര്യമുള്ള ഈ ഫോണില്‍ ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള ഇഎംയുഐ 9.1 ഓഎസ് ആണുള്ളത്. ഇതില്‍ ആന്‍ഡ്രോയിഡ് 10 അപ്‌ഡേറ്റ് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പുതിയ സോഫ്റ്റ് വെയര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

6.59 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണില്‍. ഒക്ടാകോര്‍ ഹൈസിലിക്കണ്‍ കിരിന്‍ 810 പ്രൊസസറില്‍ ആറ് ജിബി റാം ശേഷി ഫോണിനുണ്ട്. ടര്‍ബോ 3.0 ജിപിയുവും ഫോണിനുണ്ട്. 

ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഫോണില്‍. ഇതില്‍ 48 എംപി സോണി ഐഎംഎക്‌സ്582 പ്രധാന സെന്‍സറും, എട്ട് എംപി വൈഡ് ആംഗിള്‍ ലെന്‍സും, രണ്ട് എംപി ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്നു. സെല്‍ഫിയ്ക്ക് വേണ്ടി 16 എംപി പോപ്പ് അപ്പ് ക്യാമറയാണുള്ളത്. 

256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉണ്ടെങ്കിലും 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാനാവും. 4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

Content Highlights: honor 9x pro launched in india without google play services