വാവേയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഹോണര്‍ 8 പ്രോ 5 വ്യാഴാഴ്ച്ച ഇന്ത്യയില്‍ പുറത്തിറക്കും. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തിലായിരിക്കും ഫോണ്‍ പുറത്തിറക്കുക. 

ഡ്യുവല്‍ ക്യാമറയും ആയുസ്സ് കൂടിയ ബാറ്ററിയുമാണ് ഈ വര്‍ഷം ആദ്യം ചൈനയില്‍ പുറത്തിറക്കിയ ഹോണര്‍ 8 പ്രോയുടെ ഏറ്റവും പ്രധാന പ്രത്യേകതകളായി നിര്‍മ്മാതാക്കള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. 

2560X 1440 പിക്‌സലിന്റെ 5.7 ഇഞ്ച് ക്വാഡ് എച്ച് ഡി ഡിസിപ്ലേ, വാവേയുടെ സ്വന്തം കിരിന്‍ 960 ഒക്ടാ കോര്‍ പ്രൊസസര്‍, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയടക്കം കിടിലന്‍ ഫീച്ചറുകളുമായാണ് ഹോണര്‍ 8 പ്രോ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. 

12 മെഗാ പിക്‌സലിന്റെ രണ്ട് പിന്‍ ക്യാമറകളാണ് ഹോണര്‍ 8 പ്രോയ്ക്കുള്ളത്. സെല്‍ഫി ക്യാമറ 8 മെഗാപിക്‌സലിന്റേതാണ്.  

4000 mAh ന്റെ ബാറ്ററിയാണ് ഹോണര്‍ 8 പ്രോയ്ക്ക് ഊര്‍ജം പകരുക. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടില്‍ തയ്യാറാക്കിയ ഹുവാവേയുടെ ഇഎംയുഐ 5.1 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.    ഹോണര്‍ 8 പ്രോയുടെ വില സംബന്ധിച്ച വിവരങ്ങള്‍ വ്യാഴാഴ്ച്ച നടക്കുന്ന ചടങ്ങിലായിരിക്കും പുറത്തുവിടുക. എങ്കിലും 29,999 രൂപയായിരിക്കും ഫോണിന് വിലയെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത.