Nokia 5710 XpressMusic (2009), Nokia 8210 (1999), Nokia 2660 (2007)
ഫീച്ചര്‍ ഫോണ്‍ രംഗത്തെ പാരമ്പര്യം നല്കുന്ന അടിത്തറയില്‍ നിന്നുകൊണ്ടാണ് തലമുതിര്‍ന്ന മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായ നോക്കിയ ഇന്നും വിപണിയില്‍ സ്ഥാനമറിയിക്കുന്നത്. പുതിയ സ്മാര്‍ട്ഫോണ്‍ മോഡലുകളായ നോക്കിയ ജി11 പ്ലസ്, നോക്കിയ ടി10 എന്നിവ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ കമ്പനി.
ഇതുകൂടാതെ നോക്കിയയുടെ പഴയകാല മോഡലുകളായ നോക്കിയ 5710 XA, നോക്കിയ 8210 , നോക്കിയ 2660 ഫ്ളിപ്പ് ഫോണ്‍ എന്നിവയും കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നുണ്ടെന്നാണ് പുതിയറിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇതില്‍ നോക്കിയ ഇതുവരെ വിപണിയിലവതരിപ്പിക്കാത്ത ഒരു മോഡലുണ്ട്. അതാണ് നോക്കിയ 5710 XA.
നോക്കിയ 5710 XA
നോക്കിയയുടെ 5700 എക്സ്പ്രെസ് മ്യൂസികിന്റെ പിന്‍ഗാമിയായി പുറത്തിറങ്ങേണ്ടിയിരുന്ന ഫോണ്‍ ആയിരുന്നു ഇത്. ഫോണിനെ കുറിച്ചുള്ള വിവരങ്ങളും ചോര്‍ന്ന് പുറത്തുവന്നിരുന്നു. നോക്കിയയുടെ ഔദ്യോഗിക സൈറ്റിലും ഒരിക്കല്‍ ഇത് പ്രത്യക്ഷപ്പെട്ടു.
തിരിക്കാന്‍ കഴിയുന്ന കീബോര്‍ഡ് ആയിരുന്നു ഈ രണ്ട് ഫോണുകളുടേയും പ്രധാന സവിശേഷത. ഇങ്ങനെ തിരിക്കാന്‍ കഴിയുന്ന മോഡ്യൂളിന്റെ മറുഭാഗത്ത് മീഡിയാ പ്ലെയര്‍ കണ്ട്രോള് ബട്ടനുകളും ഇരു വശങ്ങളിലുമായി ക്യാമറയും ഫ്ളാഷും സ്പീക്കറുമാണുണ്ടായിരുന്നത്.

നോക്കിയ ഇതുവരെ പുറംലോകം കാണിക്കാത്ത ആ ഫോണ്‍ ഇപ്പോള്‍ എച്ച്എംഡി ഗ്ലോബലിന്റെ കൈവശമുണ്ടോ അതോ ഈ ഫോണിന്റെ ആശയം അടിസ്ഥാനമാക്കിയുള്ള പുതിയ പതിപ്പാണോ ഇപ്പോള്‍ ഒരുക്കുന്നത് എന്നും വ്യക്തമല്ല.
പഴയ ഫോണിന്റെ ഡിസൈന്‍ തന്നെ ഇപ്പോള്‍ കമ്പനി ആവര്‍ത്തിക്കുമോ എന്ന് വ്യക്തമല്ല. എന്നാല്‍ ടിഎ-1498 എന്ന മോഡല്‍ നമ്പറില്‍ നോക്കിയ 5170 XA എന്ന ഡ്യുവല്‍ സിം ഫോണ്‍ ഒരു ഓസല്ട്രേലിയന്‍ റീടെയലര് വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 149 ഓസ്ട്രേലിയന്‍ ഡോളറാണ് (8125 രൂപയോളം) ഇതിന് വിലയിട്ടിരിക്കുന്നത്.
എന്നാല്‍, ഈ വിലയിലും ഫോണില്‍ 4ജി ഉണ്ടാവില്ല. 2020-ല്‍ 5310 എക്സ്പ്രസ് മ്യൂസിക് എഡിഷന് കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഫോണിന് എക്സ്പ്രസ് മ്യൂസിക് എന്ന് പേരിട്ടിരുന്നില്ല. കാരണം, ഇതിന്റെ പേറ്റന്റ് അവകാശം മൈക്രോസോഫ്റ്റ് മൊബൈലിനായിരുന്നു.
നോക്കിയ 8210 4ജി
1999-ല്‍ അവതരിപ്പിച്ച 8210 എന്ന ഫോണ്‍ ആണ് അടുത്തത്. വളരെ ചെറുതും ഭാരം കുറഞ്ഞതുമായ ഫോണ്‍ ആയിരുന്നു ഇത് അന്ന്. ആറ് വ്യത്യസ്ത നിറങ്ങളിലുള്ള എക്സ്പ്രസ് ഓണ്‍ കവറുകളോടുകൂടിയാണ് ഇത് അന്ന് പുറത്തിറങ്ങിയത്. എക്സ്പ്രസ് ഓണ്‍ കവറിന്റെ പേറ്റന്റ് ഇപ്പോള്‍ എച്ച്എംഡി ഗ്ലോബലിന്റെ പക്കലാണ്. നോക്കിയ1, നോക്കിയ 2.2 തുടങ്ങിയ ഫോണുകള്‍ക്ക് ഇങ്ങനെ മാറ്റാന്‍ കഴിയുന്ന കവറുകള്‍ അവതരിപ്പിച്ചിരുന്നു.
എച്ച്എംഡി ഗ്ലോബല്‍ പുനരവതരിപ്പിച്ച നോക്കിയ 6310 നെ പോലെ 2ജി ഫോണ്‍ അല്ല ഇത്. 4ജി പിന്തുണയ്ക്കുന്ന ഈ ഫോണില്‍ ബ്ലൂ, റെഡ്, സാന്റ് നിറങ്ങളിലാണ് ഇത് പുറത്തിറങ്ങുക. ഡ്യുവല്‍ സിം പതിപ്പിന് 119 ഓസ്ട്രേലിയന്‍ ഡോളറാണ് വില. ഇത് ഏകദേശം 6490 രൂപ വരും.
നോക്കിയ 2660 ഫ്ളിപ്പ് 4ജി
നോക്കിയ അവതരിപ്പിക്കാനൊരുങ്ങുന്ന രണ്ടാമത്തെ ഫ്ളിപ്ഫോണ് ആണിത്. ആദ്യം അവതരിപ്പിച്ച നോക്കിയ 2760 ഫ്ളിപ്പ് ഫോണ്‍ നിലവില്‍ അമേരിക്കന്‍ വിപണിയില്‍ മാത്രമാണുള്ളത്. എന്നാല്‍, നോക്കിയ 2660 ഫ്ളിപ്പ് 4ജി ആഗോള വിപണിയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് വിവരം. ടിഎ1469, ടിഎ1474, ടിഎ 1480 തുടങ്ങിയ മോഡല്‍ നമ്പറുകളില്‍ ഒരുങ്ങുന്ന നോക്കിയ 2660 ഫ്ളിപ് ഫോണില്‍ 1450 എംഎഎച്ച് ബാറ്ററിയുണ്ടാവും. നീല, കറുപ്പ് നിറങ്ങളിലാവും ഫോണ്‍ പുറത്തിറങ്ങുക.
2007-ല്‍ പുറത്തിറങ്ങിയ നോക്കിയ 2660-യും നോക്കിയ 2760 തമ്മിലുള്ള പ്രധാന വ്യത്യാസം ക്യാമറയുടെ സാന്നിധ്യമായിരുന്നു. മാത്രമല്ല, നോക്കിയ 2760-ല്‍ കൂടുതല്‍ ഇന്റേണല്‍ മെമ്മറിയുണ്ടായിരുന്നു.
ഇപ്പോള്‍ പുറത്തിറങ്ങുന്ന നോക്കിയ 2660 ഫ്ളിപ്പ് 4ജിയില്‍ 2760 ഫോണില്‍ നിന്നുള്ള നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയേക്കും. 4ജി ആയതുകൊണ്ടു തന്നെ കായ് ഓഎസിലായിരിക്കും ഫോണിന്റെ പ്രവര്‍ത്തനം.
2ജി ഫീച്ചര്‍ ഫോണുകള്‍
ടിഎ-1459, ടിഎ 1473 എന്നീ മോഡല്‍ നമ്പറുകളിലുള്ള ഒരു ഫോണും ടിഎ 1467 എന്ന മോഡല്‍ നമ്പറില്‍ മറ്റൊരു ഫോണും 2ജി സൗകര്യത്തോടുകൂടി ഒരുങ്ങുന്നുണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..