ഗൂഗിളിന്റെ പുതിയ നെക്‌സസ് സ്മാര്‍ട്ട്‌ഫോണുകളായ നെക്‌സസ് 5എക്‌സും നെക്‌സസ് 6പിയും ഇന്ത്യയില്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓണ്‍ലൈന്‍ വില്‍പ്പനകേന്ദ്രങ്ങള്‍ വഴിയും കടകളില്‍നിന്ന് നേരിട്ടും ഫോണുകള്‍ വാങ്ങാം.

ഗൂഗിളിനായി എല്‍ജി നിര്‍മിക്കുന്ന നെക്‌സസ് 5എക്‌സിന്റെ 16ജിബി മോഡലിന് 31,990 രൂപയാണ് വില; 32 ജിബി മോഡലിന് 35,990 രൂപയും. അതേസമയം, വാവെ നിര്‍മിക്കുന്ന നെക്‌സസ് 6പിയുടെ 32 ജിബി മോഡലിന് 39,999 രൂപയും 64 ജിബി മോഡലിന് 42,999 രൂപയുമാണ് വില. 

ഇന്ത്യയില്‍ ഇരുഫോണുകളുടെയും മുന്‍കൂര്‍ ബുക്കിങ് ചൊവ്വാഴ്ച പകല്‍ രണ്ടുമണിക്ക് ആരംഭിച്ചു. ഒക്ടോബര്‍ 21 ന് ഉപഭോക്താക്കളുടെ പക്കല്‍ ഫോണ്‍ എത്തും. ഒരേ സമയം രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നത് ആദ്യമായാണ്. 

ആമോസണും ഫ് ളിപ്കാര്‍ട്ടും വഴിയാണ് ഗൂഗിളിന്റെ പുതിയ ഫോണുകള്‍ വില്‍ക്കുന്നത്. നെക്‌സസ് 5എക്‌സ് ആമസോണ്‍ വഴയും, നെക്‌സസ് 6പി ഫ് ളിപ്കാര്‍ട്ട് വഴിയും. അതേസമയം, ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയും ഫോണുകള്‍ വാങ്ങാം. 

5.7 ഇഞ്ച് ക്വാഡ്എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയുള്ള നെക്‌സസ് 6പി ഫോണ്‍ എത്തുന്നത് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 4ന്റെ സംരക്ഷണത്തോടെയാണ്. 

64-ബിറ്റ് 2.0 ജിഎച്ച്‌സെഡ് ഒക്ടാ-കോര്‍ പ്രൊസറോടുകൂടിയ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 810 ചിപ്പ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. അഡ്രിനോ 430 ജിപിയു, 3ജിബി റാം എന്നിവ കൂടിയാകുമ്പോള്‍ ഫോണിന്റെ പ്രവര്‍ത്തനവേഗം ആരെയും നിരാശപ്പെടുത്തില്ല എന്നൂഹിക്കാം. 32 ജിബി, 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളോടെയാണ് നെക്‌സസ് 6പിയുടെ വരവ്.

അതേസമയം, 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയും കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 ന്റെ സംരക്ഷണവുമായാണ് നെക്‌സസ് 5എക്‌സ് എത്തുന്നത്. 

64-ബിറ്റ് 1.8 ജിഎച്ച്‌സെഡ് ഹെക്‌സാ-കോര്‍ പ്രോസസറോടുകൂടിയ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 808 ചിപ്പ്‌സെറ്റാണ് ഫോണിന് കരുത്തേകുക. അഡ്രിനോ 418 ജിപിയു, 2ജിബി റാം എന്നിവയുമുണ്ട്. 16 ജിബി, 32 ജിബി സ്റ്റോറേജ് ഓപ്ഷനുകളാണ് നെക്‌സസ് 5എക്‌സിനുള്ളത്.

ഇരുഫോണുകളിലും നെക്‌സസ് ഇംപ്രിന്റ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ( Nexus Imprint fingerprint sensor ) ഉണ്ട്. ഫോണിന്റെ പിന്‍ഭാഗത്താണ് ഇതുള്ളത്. ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ വാങ്ങാനുമൊക്കെ ഈ വിരലടയാളപ്പൂട്ട് ഉപയോഗിക്കാനാകുമെന്ന് ഗൂഗിള്‍ പറയുന്നു. രണ്ടു ഫോണുകളിലും മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയില്ല. 

രണ്ട് ഫോണുകളിലും 12.3 എംപി പിന്‍ക്യാമറയാണുള്ളത്. മുന്‍ക്യാമറയില്‍ വ്യത്യാസമുണ്ട്. നെക്‌സസ് 6പിയില്‍ 8എംപിയുടെയും, നെക്‌സസ് 5എക്‌സില്‍ 5എംപിയുടേതുമാണ് മുന്‍ക്യാമറകള്‍. രണ്ടു ഫോണുകളുപയോഗിച്ചും 4കെ വീഡിയോകള്‍ ഷൂട്ട് ചെയ്യാന്‍ കഴിയും. 120FPS സ്ലോ മോഷന്‍ ഫീച്ചറുമുണ്ട്. 

രണ്ട് ഫോണുകളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ പതിപ്പിലാണ്. നെക്‌സസ് 6പിക്ക് 3450 എംഎഎച്ച് ബാറ്ററിയാണ് ഊര്‍ജം പകരുന്നത്. നെക്‌സസ് 5എക്‌സിന് 2700 എംഎഎച്ച് ബാറ്ററിയും. രണ്ട് ഫോണുകളും USB Type-C കണക്ടര്‍ ഫീച്ചറുള്ളതാണ്. വേഗത്തില്‍ ചാര്‍ജ് ചെയ്യാനും ഡേറ്റ കൈമാറ്റത്തിനും ഇത് അവസരമൊരുക്കുന്നു. 

നെക്‌സസ് 6പി 10 മിനിറ്റ് ചാര്‍ജുചെയ്താല്‍ ഏഴ് മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള ചാര്‍ജ് കിട്ടുമെന്ന് ഗൂഗിള്‍ പറയുന്നു. നെക്‌സസ് 5എക്‌സിനെ 10 മിനിറ്റ് ചാര്‍ജുചെയ്താല്‍ 3.8 മണിക്കൂര്‍ നേരത്തേക്കുള്ള ചാര്‍ജ് കിട്ടും.