സംഗതിയെല്ലാം കൊള്ളാം ആപ്പിളിന്റെ ഐഫോണ്‍ 10 ആളൊരു കിടുക്കാച്ചി ഐറ്റം തന്നെ. എതിരാളിയായി വിപണിയിലുള്ള സാംസങ് ഗാലക്‌സി നോട്ട് 8ഉം ഒരു സംഭവം തന്നെയാണ്. എന്നാല്‍ ഐഫോണ്‍ 10ന് വില തുടങ്ങുന്നത് 999 ഡോളറിലാണ്. ഇന്ത്യയില്‍ ഇതിന് വില 89,000 രൂപയാണ്. 256 ജിബി സ്‌റ്റോറേജുള്ള ഐഫോണ്‍ 10ന് 1.02 ലക്ഷം രൂപയില്‍ അധികവും വില വരും. അതേസമയം സാംസങ് ഗാലക്‌സി നോട്ട് 8ന് വില 67,000ല്‍ കൂടുതലുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ വില ചുമ്മാ വായിച്ച് രസിക്കാവുന്നത് മാത്രമാണെന്നത് വാസ്തവം. അപ്പോള്‍ പിന്നെ അവരെന്ത് ചെയ്യും. അതിന് ചില വഴികള്‍ പറഞ്ഞുതരാം.

എന്തിന് പുതിയത്? പുതുമ ചോരാത്ത പഴയ മോഡലുകളുള്ളപ്പോള്‍

ഗുണമേന്മയുടെയും സാങ്കേതിക മികവിന്റെയും കാര്യത്തില്‍ ഐഫോണിന്റെ പഴയ മോഡലുകളൊന്നും അത്ര മോശക്കാരല്ല. അതിന് ചിലപ്പോള്‍ കൂടിയ ക്യാമറ ശേഷിയും അത്യാധുനിക സ്‌ക്രീന്‍ സാങ്കേതിക വിദ്യയൊന്നും ഉണ്ടാവണമെന്നില്ലെന്ന് മാത്രം. എന്നാല്‍ ഐഓഎസിന്റെ പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ ഐഫോണ്‍ 10ല്‍ ലഭ്യമായ സോഫ്റ്റ് വെയര്‍ സംബന്ധിയായ ഭൂരിഭാഗം സൗകര്യങ്ങളും ഐഫോണിന്റെ പഴയ പതിപ്പുകളിലും ലഭിക്കും. അപ്പോള്‍ പിന്നെ ലാഭം പഴയ മോഡലുകള്‍ തന്നെയല്ലേ?

ഇനി അവയുടെ വിലയുടെ കാര്യം നോക്കാം. രണ്ട് വര്‍ഷം മുമ്പ് പുറത്തിറക്കിയ ഐഫോണ്‍ 6എസ് ഇപ്പോള്‍ 37,999 രൂപ വരെ വിലക്കുറവില്‍ ലഭ്യമാണ്. ഐഫോണ്‍ 7ന് 47,000ല്‍ അധികം ആണ് വില. ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ പലപ്പോഴായി ഇതിലും വിലക്കുറവില്‍ ഫോണ്‍ വില്‍ക്കാറുമുണ്ട്. എന്തായാലും പഴയമോഡലുകളിലേക്ക് തിരിഞ്ഞു നോക്കുന്നതാണ് നല്ലത്. 

പുതുക്കിപ്പണിത ഐഫോണ്‍ മോഡലുകള്‍

പുതിയ ഫോണുകളേക്കാള്‍ പുതുക്കിപ്പണിത ഐഫോണ്‍ മോഡലുകള്‍ക്ക് വിപണിയില്‍ വില കുറവാണ്. എന്നാല്‍ ഈ ഫോണുകളില്‍ വീണ്ടും തകരാറുകള്‍ ഉണ്ടാവുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. എന്നാല്‍ പുതിയ ബാറ്ററിയുമായായിരിക്കും ഈത്തരം ഫോണുകള്‍ രംഗത്തിറങ്ങുക. ഇത്തരം ഫോണുകള്‍ക്ക് 1 വര്‍ഷം വാറണ്ടിയും ലഭിക്കാറുണ്ട്. പുതുക്കിപ്പണിത ഐഫോണ്‍ 6എസ്് 25,000 രൂപയില്‍ താഴെവിലയ്ക്കാണ് ആപ്പിള്‍ വില്‍ക്കുന്നത്. സാംസങും പുതുക്കിപ്പണിത ഫോണുകള്‍ വിലക്കുറവില്‍ വില്‍ക്കുന്നുണ്ട്. ഇത്തരം ഫോണുകള്‍ വാങ്ങുമ്പോള് ഗുണമേന്മയ്ക്ക് യാതൊരുറപ്പുമില്ലെന്ന് മാത്രം. കേടായാല്‍ തിരിച്ചെടുക്കുകയും ഇല്ല.

വിലകുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍

പുതിയ ഗാലക്‌സി, ഐഫോണ്‍ മോഡലുകളേക്കാളും വിലകുറവുള്ളതും അതേസമയം തന്നെ മികച്ച സൗകര്യങ്ങളുള്ളതുമായ ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയിലുണ്ട്. വണ്‍പ്ലസ്, ഷവോമി, ഓപ്പോ, മോട്ടോറോള, തുടങ്ങിയ കമ്പനികള്‍ മികച്ച സൗകര്യങ്ങളോടെ സാധാരണക്കാര്‍ക്ക് താങ്ങുന്ന വിധത്തില്‍ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലിറക്കുന്നുമുണ്ട്. ഇത്തരം ഫോണുകള്‍ക്ക് ഒരുപക്ഷെ ക്യാമറയും ഡിസ്‌പ്ലേയും മറ്റും ആഢംബര ഫോണുകളുടെ അത്രയും ലഭിച്ചില്ലെന്നു വരും എന്ന് മാത്രം.