ഫോണില്‍ ക്യാമറയുണ്ടെന്നത് തന്നെ പത്രാസിന്റെ ചിഹ്നമായിരുന്നു പണ്ട്. പിന്നെ മുന്നിലും പിന്നിലും ക്യാമറയുള്ള ഫോണായി മികവിന്റെ മാനദണ്ഡം. ആ ഘട്ടവും കടന്ന് പിന്നില്‍ തന്നെ രണ്ടു ക്യാമറകളുളള ഫോണാണ് പുതിയ ട്രെന്‍ഡ്. ചൈനീസ് കമ്പനിയായ വാവെ ഏറ്റവുമൊടുവിലിറക്കിയ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ പി9, എല്‍ജിയുടെ ജി5 എന്നീ ഫോണുകളില്‍ ഡ്യുവല്‍ ബാക്ക് ക്യാമറ സംവിധാനമുണ്ട്്. ഇറങ്ങാനിരിക്കുന്ന ആപ്പിളിന്റെ ഐഫോണ്‍ 7 പ്ലസിലും ഈ സൗകര്യമുണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്നുകഴിഞ്ഞു.

പുതിയതെന്തെങ്കിലും കണ്ടുപിടിക്കാനുള്ള ത്വരയ്‌ക്കൊപ്പം നിലവിലെ സൗകര്യങ്ങളുടെ പരിമിതി കൊണ്ടുമാണ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ഇരട്ടക്യാമറയിലേക്ക് തിരിയുന്നത്. 

ഏഴ് മില്ലിമീറ്ററാണ് സ്മാര്‍ട്‌ഫോണുകളുടെ ശരാശരി കനം. ഇതില്‍ കൂടുതലായാല്‍ പോക്കറ്റില്‍ കൊള്ളില്ലെന്ന് പറഞ്ഞ് ജനം ഫോണിനെ കൈയ്യൊഴിയും. ഈ ഏഴ് മില്ലിമീറ്ററിനുളളില്‍ ഉള്‍ക്കൊളളിക്കാവുന്ന ക്യാമറ മൊഡ്യൂളിനൊരു പരിധിയുണ്ട്. സൂം ശേഷി വര്‍ധിപ്പിക്കാനാകുന്നില്ല എന്നതാണ് സ്മാര്‍ട്‌ഫോണ്‍ ക്യാമറകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സ്മാര്‍ട്‌ഫോണുകളില്‍ സൂം ലെന്‍സുകള്‍ ഘടിപ്പിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. ഡിജിറ്റല്‍ സൂം സംവിധാനമാകട്ടെ ചിത്രങ്ങളുടെ മിഴിവ് ചോര്‍ത്തിക്കളയും. ഈ പ്രശ്‌നത്തിനുള്ള പ്രതിവിധിയായാണ് ഇരട്ട ക്യാമറ എന്ന ആശയം പിറവിയെടുക്കുന്നത്.

പ്രമുഖ ക്യാമറ നിര്‍മാതാക്കളായ ലെയ്ക്കയുടെ സര്‍ട്ടിഫിക്കേഷനോടുകൂടിയ ഇരട്ട പിന്‍ക്യാമറയാണ് വാവെ പി9 നിലുള്ളത്. 12 മെഗാപിക്‌സലിന്റെ സാദാ ക്യാമറ സെന്‍സറിനൊപ്പം 12 മെഗാപിക്‌സലിന്റെ തന്നെ മോണോക്രോം സെന്‍സറും ഫോണിലുണ്ട്. രണ്ട് സെന്‍സറും ഒരുമിച്ച് പ്രവര്‍ത്തിച്ചുകൊണ്ടാണ് പിന്‍ക്യാമറയില്‍ ചിത്രം പതിയുക. 

ഫോട്ടോകളിലെ കോണ്‍ട്രാസ്റ്റ് 50 ശതമാനം കണ്ട് വര്‍ധിപ്പിക്കാനും പ്രകാശം മൂന്നിരട്ടി കൂട്ടാനും ഇതുവഴി സാധിക്കും. സാധാരണ ക്യാമറ പിടിച്ചെടുക്കുന്നതിനേക്കാള്‍ മൂന്നിരട്ടി വെളിച്ചം ഇരട്ട ക്യാമറകള്‍ പിടിച്ചെടുക്കും എന്നതിനാലാണിത്. സാദാ ക്യാമറ സെന്‍സറിനെ പോലെ ആര്‍.ജി.ബി. ലൈറ്റ് ഫില്‍ട്ടറിങിന്റെ ആവശ്യം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളെടുക്കുന്ന മോണോക്രോം െസന്‍സറിനില്ല. അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവുണ്ടാകും. ലേസര്‍ ഫോക്കസും ഡ്യുവല്‍ എല്‍.ഇ.ഡി. ഫ് ളാഷുമുള്ള പിന്‍ക്യാമറയ്ക്ക് പുറമെ എട്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഫോണിലുണ്ട്. 

1080X1920 പിക്‌സല്‍ റിസൊല്യൂഷനുളള 5.2 ഇഞ്ച് സ്‌ക്രീനാണ് വാവെ പി9 നിലുള്ളത്. പോറലേല്‍ക്കാത്ത കോര്‍ണിങ് ഗോറില്ല ഗ്ലാസ് 4 സംരക്ഷണത്തോടുകൂടിയ സ്‌ക്രീനാണിത്. ഒക്ടാ-കോര്‍ കിരിന്‍ 955 പ്രൊസസര്‍, മൂന്ന് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3000 എംഎഎച്ച് ബാറ്ററിയാണുളളത്. യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ് സംവിധാനമുള്ള ഫോണില്‍ ഫിംഗര്‍പ്രിന്റ് റീഡറുമുണ്ട്. 144 ഗ്രാമാണ് ഫോണിന്റെ ഭാരം. 

42,000 രൂപയ്ക്കാണ് പി9 ബ്രിട്ടീഷ് വിപണിയില്‍ വില്പനയ്‌ക്കെത്തിയിരിക്കുന്നത്. 4 ജി.ബി. റാമും 64 ജി.ബി. സ്‌റ്റോറേജുമുള്ള പി9 പ്ലസ് എന്നൊരു മോഡല്‍ കൂടി ഇതിനൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 52,000 രൂപയാണ് ഈ ഫോണിന് വില. മെയ് രണ്ടാം വാരത്തോടെ രണ്ട് ഫോണുകളുടെയും ആഗോളവില്പനയാരംഭിക്കും. 

എല്‍ജിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലായ ജി5 ല്‍ 16 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണുള്ളത്. 16 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയ്‌ക്കൊപ്പം എട്ട് മെഗാപിക്‌സലിന്റെ മറ്റൊരു ക്യാമറ കൂടി ഘടിപ്പിച്ചിരിക്കുന്നു. 135 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സോടു കൂടിയ ക്യാമറയാണിത്. രണ്ട് ക്യാമറകളിലും പതിയുന്ന ദൃശ്യങ്ങള്‍ ഞൊടിയിട കൊണ്ട് ഒന്നാക്കി നല്‍കാനുള്ള സോഫ്റ്റ്‌വേര്‍ സംവിധാനവും ഫോണിലുണ്ട്.   5.3 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയുള്ള എല്‍ജി ജി5 ല്‍ ക്വാല്‍കോമിന്റെ ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗന്‍ 820 ചിപ്പ്, നാല് ജിബി റാം, യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് സൗകര്യം എന്നിവയുണ്ട്. എല്‍ജി ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന മോഡുലാര്‍ സംവിധാനത്തോടു കൂടിയ ഫോണാണിത്. ക്യാമറ, ബാറ്ററി, ഓഡിയോ ചിപ്പ് എന്നിവയുടെ ശേഷി ഉപയോക്താവിന്റെ സൗകര്യത്തിനനുസരിച്ച് മാറ്റാന്‍ സാധിക്കുമെന്നതാണ് ഇതു കൊണ്ടുള്ള നേട്ടം. 45,000 രൂപയ്ക്കടുത്തായിരിക്കും ഈ ഫോണിന്റെ വില.

സപ്തംബറില്‍ പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്ന ഐഫോണ്‍ 7 പ്ലസിലും ഇരട്ടക്യാമറ സംവിധാനമുണ്ടാകുമെന്ന് ഊഹാപോഹങ്ങള്‍ കേട്ടുതുടങ്ങിയിട്ടുണ്ട് (കടപ്പാട്: ദി വെര്‍ജ്).