ബ്ലാക്ക്ബറി ആന്‍ഡ്രോയ്ഡ് ഫോണിറക്കുന്ന കാര്യം വാര്‍ത്തകളില്‍ വരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോഴിതാ കനേഡിയന്‍ മൊബൈല്‍ വില്‍പ്പന കമ്പനിയായ ബക്ക മൊബൈല്‍, 'ബ്ലാക്ക്ബറി വെനീസ്' എന്ന ആന്‍ഡ്രോയ്ഡ് ഫോണിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നു.

ബ്ലാക്ക്ബറി വെനീസ് എങ്ങനെയാണിരിക്കുന്നത്, പ്രധാന ഫീച്ചറുകള്‍ എന്തൊക്കെ തുടങ്ങിയ ചില വിവരങ്ങള്‍ വീഡിയോയില്‍ നിന്ന് ലഭിക്കും. 

ഒറ്റനോട്ടത്തില്‍ ഒരു സാധാരണ ആന്‍ഡ്രോയ്ഡ് ഫോണ്‍ പോലെ തോന്നുമെങ്കിലും, ബ്ലാക്ക്ബറി വെനീസില്‍ പല പുതുമകളുമുണ്ട്. വക്രവക്കുകളോടുകൂടിയ ഫോണാണത്. സ്ലൈഡ് ചെയ്ത് നീക്കാവുന്ന ക്യുവര്‍ട്ടി കീബോര്‍ഡാണ് പ്രധാന സവിശേഷത. ബ്ലാക്ക്ബറി പാസ്‌പോര്‍ട്ടില്‍ മുമ്പ് കണ്ട 'ബയോമെട്രിക് സെന്‍സ് ടച്ച്' ഇതിലുമുണ്ട്. 

'ബ്ലാക്ക്ബറി ഹബ്ബ്' ( BlackBerry Hub ) മെസേജിങ് സെന്ററിന്റെ സേവനം ഈ ആന്‍ഡ്രോയ്ഡ് ഫോണിനുണ്ടെന്ന് വീഡിയോ വ്യക്തമാക്കുന്നു. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്. 

വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാവുന്നത്, ഗൂഗിള്‍ മാപ്പ്‌സ്, ഗൂഗിള്‍ പ്ലസ്, ഗൂഗിള്‍ ഡ്രൈവ് എന്നിങ്ങനെയുള്ള ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ബ്ലാക്ക്ബറി വെനീസിലുണ്ടെന്നാണ്. സ്റ്റാന്‍ഡേര്‍ഡ് ബ്ലാക്ക്ബറി ആപ്പുകളും ഫോണിലുണ്ട്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപ്പോപ്പിലാണ് വെനീസ് പ്രവര്‍ത്തിക്കുന്നതെന്നും വീഡിയോയില്‍നിന്ന് വ്യക്തമാണ്.

BlackBerry Venice

എന്നാല്‍, ഫോണിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനുകള്‍ വീഡിയോയില്‍ പറയുന്നില്ല. 

ഇതിനകം പുറത്തുവന്ന വിവരങ്ങളനുസരിച്ച് 1440X2560 പിക്‌സല്‍ റിസല്യൂഷനുള്ള 5.4 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.8 ജിഎച്ച്‌സെഡ് ഹെക്‌സാ കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 808 പ്രൊസസറും 3ജിബി റാമും ഫോണിന് കരുത്തു പകരും. പിന്‍ക്യാമറ 18 എംപിയുടേതും, മുന്‍ക്യാമറ 5 എംപിയുടേതുമായിരിക്കുമെന്നും സൂചനയുണ്ട്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്ലാക്ക്ബറി വെനീസ് അടുത്ത നവംബറില്‍ അമേരിക്കയില്‍ വില്‍പ്പനയ്‌ക്കെത്തും.