സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക് ബ്ലാക്ക്ബെറി തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഓണ്‍വാര്‍ഡ് മൊബിലിറ്റി എന്ന പുതിയ കമ്പനിയ്ക്ക് കീഴിലാണ് ബ്ലാക്ക് ബെറി ബ്രാന്‍ഡ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങാന്‍ പോവുന്നത്.  ഈ വര്‍ഷം അവസാനത്തോടെ ബ്ലാക്ക്ബെറി 5ജി സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ വര്‍ഷമാണ് ടി.സി.എല്ലുമായുള്ള ബ്ലാക്ക്‌ബെറിയുടെ പങ്കാളിത്തം അവസാനിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഓണ്‍വാര്‍ഡ് മൊബിലിറ്റിയുമായി ബ്ലാക്ക്‌ബെറി കരാറൊപ്പിട്ടു. കമ്പനി സി.ഇ.ഒ. പീറ്റര്‍ ഫ്രാങ്ക്‌ളിന്‍ പുതിയ ബ്ലാക്ക്‌ബെറി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. 

ബ്ലാക്ക്‌ബെറി ഫോണുകളില്‍ എല്ലാവര്‍ക്കും പരിചിതമായ ക്യുവെര്‍ട്ടി (qwerty) കീബോര്‍ഡും എന്നാല്‍ അത്യാധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാവും പുതിയ ഫോണ്‍ പുറത്തിറങ്ങുക. ഫോണ്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഫോക്‌സ്‌കോണുമായി ചര്‍ച്ചയിലാണ് കമ്പനി. 

അതേസമയം, കഴിഞ്ഞ വര്‍ഷം തന്നെ പുതിയ ബ്ലാക്ക്‌ബെറി ഫോണുകള്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അത് യാഥാര്‍ത്ഥ്യമായില്ല. എന്തായാലും പുതിയ ഫോണ്‍ പുറത്തിറങ്ങുന്ന തീയ്യതിയുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം ലഭ്യമല്ല.

Content Highlights: blackberry smartphone with 5g qwerty keyboard launch 2021