ബ്ലാക്ക്‌ബെറി ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇറക്കുന്നുവെന്ന വാര്‍ത്ത കേട്ടുതുടങ്ങിയിട്ട് കുറെക്കാലമായി. ഈ വര്‍ഷം ജൂണില്‍ വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഈ വിവരം ആദ്യം സ്ഥിരീകരിച്ച് പുറത്തുവിട്ടത്. 

കീപാഡും ടച്ച്‌സ്‌ക്രീനുമുള്ള സ്ലൈഡര്‍ മോഡലായിരിക്കും ബ്ലാക്ക്‌ബെറിയുടെ ആന്‍ഡ്രോയ്ഡ് ഫോണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ സ്ലൈഡര്‍ ഫോണല്ല 'പ്രാഗ്' എന്ന പേരില്‍ ഒരു വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് മോഡലാണ് ബ്ലാക്ക്‌ബെറിയുടേതെന്ന ബ്രേക്കിങ് ന്യൂസുമായി എന്‍4ബിബി എന്നൊരു വെബ്‌സൈറ്റ് ഉടന്‍ രംഗത്തുവന്നു. ബ്ലാക്ക്‌ബെറിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ടെക്‌സൈറ്റാണ് എന്‍4ബിബി. ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബ്ലാക്ക്‌ബെറിയുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) തയ്യാറായിരുന്നില്ല.

അഭ്യൂഹങ്ങള്‍ക്കെല്ലാം അറുതിയാകുകയാണ്. തങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇറക്കുന്നുവെന്ന കാര്യം സ്ഥിരീകരിച്ചുകൊണ്ട് ബ്ലാക്ക്‌ബെറി തന്നെ രംഗത്തുവന്നിരിക്കുന്നു. കമ്പനി സിഇഒ ജോണ്‍ ചെന്‍ ആണീ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കമ്പനിയുടെ മൂന്നാംപാദവാര്‍ഷികയോഗത്തില്‍ സംസാരിക്കവെയാണ് ജോണ്‍ ചെന്‍ ഇക്കാര്യം പറഞ്ഞത്. 

ബ്ലാക്ക്‌ബെറിയുടെ എക്കാലത്തെയും മുഖമുദ്രയായ സ്വകാര്യത അഥവാ പ്രൈവസിയുടെ ചുരുക്കരൂപമായ 'പ്രൈവ്' ( BlackBerry Priv ) എന്നാണ് ആന്‍ഡ്രോയ്ഡ് ഫോണിന് പേരിട്ടിരിക്കുന്നത്. റോയിട്ടേഴ്‌സ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നതുപോലെ സ്ലൈഡര്‍ കീപാഡുളള ഫോണാണ് പ്രൈവ്.

BlackBerry Priv

''പ്രൈവ് എന്ന പേരില്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ അവതരിപ്പിക്കാന്‍ ബ്ലാക്ക്‌ബെറി തയ്യാറെടുക്കുന്ന കാര്യം നിങ്ങളെ അറിയിക്കട്ടെ. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുക എന്ന കമ്പനിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടു തന്നെ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണായിരിക്കും പ്രൈവ്. ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ അനുഭവം ഉപയോക്താക്കള്‍ക്ക് സമ്മാനിക്കുകയെന്ന ലക്ഷ്യം കൂടി ഞങ്ങള്‍ക്കുണ്ട്''- ജോണ്‍ ചെന്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ പ്രൈവ് ഫോണുകള്‍ വിപണിയിലെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ടച്ച്‌സ്‌ക്രീനിന് പുറമെ കീപാഡ് കൂടിയുളള ഫോണായിരിക്കും പ്രൈവ് എന്നല്ലാതെ കൂടുതല്‍ സാങ്കേതിക വിശദാംശങ്ങളോ ഫോണിന്റെ വിലയോ വെളിപ്പെടുത്താന്‍ ജോണ്‍ ചെന്‍ തയ്യാറായില്ല. എല്‍ജി ജി4 ലേതുപോലെ ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 808 ചിപ്പ്‌സെറ്റും 5.4 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയുമായിരിക്കും ഫോണിലുണ്ടാകുക എന്ന് ചില ടെക്‌സൈറ്റുകള്‍ പ്രവചിക്കുന്നുണ്ട്.