കനേഡിയന്‍ കമ്പനിയായ ബ്ലാക്ക്‌ബെറി പുതിയ ഫോണ്‍ കീവണ്‍ ( KEYone ) ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ( Mobile World Congress 2017 ) പുറത്തിറക്കി. ടച്ച് സ്‌ക്രീനും ക്വര്‍ട്ടി കീപാഡും ഉള്‍പ്പെടുത്തി ബ്ലാക്ക്‌ബെറിയുടെ തനത് ഡിസൈനിലാണ് കീവണ്‍ എത്തുന്നത്. ബ്ലാക്ക്‌ബെറിയുടെ സ്വന്തം രൂപകല്‍പനയില്‍ പുറത്തിറങ്ങുന്ന അവസാനത്തെ ഫോണാകും കീവണ്‍ എന്നാണ് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫോണുകളുടെ രൂപകല്‍പനയും നിര്‍മാണവും അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ബ്ലാക്ക്‌ബെറി വ്യക്തമാക്കിയിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിയാതെ വന്നതോടെയാണ് സോഫ്റ്റ്‌വെയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനി തീരുമാനിച്ചത്. 

ഫോണുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് ഡിസംബറില്‍ ചൈനീസ് കമ്പനിയായ ടിസിഎല്ലുമായി ബ്രാന്‍ഡ് ലൈസന്‍സ് കരാര്‍ ഒപ്പിട്ടിരുന്നു. രൂപകല്‍പന ചെയ്തിരിക്കുന്നത് ബ്ലാക്ക്‌ബെറി ആണെങ്കിലും കീവണ്ണിന്റെ നിര്‍മാണവും ടിസിഎല്‍ ആണ്.

KEYone

ക്വര്‍ട്ടി കീബോര്‍ഡില്‍ ഒളിപ്പിച്ചുവെച്ച ഒരുപിടി സവിശേഷതകളുമായാണ് കീവണ്‍ എത്തുന്നത്. ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കീബോര്‍ഡ് ആണ് കീവണ്ണിന്റേതെന്ന് കമ്പനി അവകാശപ്പെടുന്നു.

സൈ്വപ്പ് നാവിഗേഷന്‍ ( Swipe Navigation ) ഉള്ള കീപാഡിലൂടെ വിരല്‍ ചലിപ്പിച്ച് സ്‌ക്രീനിലൂടെ സ്‌ക്രോള്‍ ചെയ്യാമെന്നതാണ് കീപാഡിന്റെ പ്രധാന സവിശേഷത. ഫോണ്‍ സ്‌ക്രീനില്‍ ടച്ച് ചെയ്യാതെ തന്നെ സോഷ്യല്‍ മീഡിയ ഫീഡുകളിലൂടെയും മറ്റും എളുപ്പത്തില്‍ സ്‌ക്രോള്‍ ചെയ്യാന്‍ ഈ സവിശേഷത അനുവദിക്കുന്നു.

ഓരോ കീയിലും ഷോട്ട്കട്ടുകള്‍ സജ്ജീകരിക്കാമെന്നതാണ് കീപാഡ് നല്‍കുന്ന മറ്റൊരു സൗകര്യം. ഉദാഹരണത്തിന് 'F' എന്ന കീ ഫെയ്‌സ്ബുക്കിനായി സജ്ജീകരിച്ചാല്‍ ഒറ്റ ക്ലിക്കില്‍ തന്നെ ഫെയ്‌സ്ബുക്ക് തുറക്കാം. ഓരോ ആപ്ലിക്കേഷനും ഇങ്ങനെ ഉപയോക്താവിന്റെ ഇഷ്ടാനുസൃതം ഷോട്ട്കട്ടുകള്‍ സെറ്റ് ചെയ്യാം.

KEYone

ലോങ് പ്രസ്സിലും ഷോട്ട് പ്രസ്സിലുമായി ഇത്തരത്തില്‍ 52 ഷോട്ട്കട്ടുകള്‍ വരെ സജ്ജീകരിക്കാമെന്ന കീവണ്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. കീപാഡിലെ സ്‌പേസ് ബാറില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറും ക്രമീകരിച്ചിട്ടുണ്ട്.

ബ്ലാക്ക്‌ബെറിയുടെ സ്വന്തം സുരക്ഷാ സവിശേഷതയായ ഡിടെക് ( DTEK ) സെക്യൂരിറ്റിയും പുതിയ ഫോണില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ആപ്ലിക്കേഷനുകള്‍ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കും എന്നതാണ് ഡിടെക്കിന്റെ പ്രത്യേകത. ഉപയോക്താവ് അറിയാതെ ക്യാമറയോ മൈക്രോഫോണോ ഫോണിന്റെ മറ്റ് എലമെന്റുകളോ ഏതെങ്കിലും ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം ഡിടെക്ക് ഉപയോക്താവിനെ അറിയിക്കും. 

ലക്ഷക്കണക്കിന് ആപ്പുകളുള്ള ലോകത്ത്, ഈ സവിശേഷത കീവണ്ണിനെ ലോകത്തെ ഏറ്റവും സുരക്ഷിതമായ ഗാഡ്ജറ്റുകളില്‍ ഒന്നാക്കി മാറ്റുന്നെന്ന് ബ്ലാക്ക്‌ബെറി സീനിയര്‍ വൈസ് പ്രസിഡന്റ് അലക്‌സ് തമ്പര്‍ പറയുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ ഉപയോക്താവിന്റെ സൗകര്യപ്രകാരം മാറ്റാനും ഡിടെക് അനുവദിക്കുന്നു. എല്ലാ മാസവും സെക്യൂരിറ്റി അപ്‌ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

KEYone

ബൂസ്റ്റ് ചാര്‍ജിങ് ആണ് നിര്‍മാതാക്കള്‍ എടുത്തുപറയുന്ന മറ്റൊരു കീവണ്‍ സവിശേഷത. കുറഞ്ഞ സമയത്തില്‍ പരമാവധി ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന സവിശേഷതയാണിത്. ഇമെയില്‍, ഫോണ്‍ കോളുകള്‍, കലണ്ടര്‍, സോഷ്യല്‍ മീഡിയ എന്നിവയൊക്കെ ഒന്നിച്ച് നല്‍കുന്ന ബ്ലാക്ക്‌ബെറി ഹബ്ബും പുതിയ ഫോണിലുണ്ട്.

കീവണ്ണിന്റെ മറ്റു സവിശേഷതകള്‍

 • ആന്‍ഡ്രോയ്ഡ് 7.1 നോഗട്ട്
 • 4.5 ഇഞ്ച് ഐപിഎസ് എല്‍ഇഡി ഡിസ്‌പ്ലേ (1620x1080 പിക്‌സല്‍ റിസൊല്യൂഷന്‍, 433 പിപിഐ സാന്ദ്രത)
 • ഗൊറില്ലാ ഗ്ലാസ് സംരക്ഷണം
 • ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625
 • 3 ജിബി റാം
 • 12 എംപി പ്രധാന ക്യാമറ (സോണി ഐഎംഎക്‌സ് 378, 4കെ വീഡിയോ)
 • 8 എംപി മുന്‍ ക്യാമറ
 • 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
 • രണ്ട് ടിബി വരെ വര്‍ധിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ്
 • 3505 എംഎഎച്ച് ബാറ്ററി
 • അലുമിനിയം ബോഡി