ബ്ലാക്ക്‌ബെറി കീവണ്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി.  ഓപ്റ്റിമസ് ഇന്‍ഫ്രാകോം എന്ന ഇന്ത്യന്‍ കമ്പനിയുമായി സഹകരിച്ചാണ് ബ്ലാക്‌ബെറിയുടെ പുതിയ ഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് വിതരണത്തിനെത്തിക്കുന്നത്. 39,990 രൂപയാണ് പുതിയ ഫോണിന് വില. ബ്ലാക്‌ബെറി ഫോണുകളുടെ തനത് മാതൃകയിലുള്ള ക്യുവര്‍ട്ടി കീബോര്‍ഡാണ് ഫോണിന്റെ പ്രധാന സവിശേഷത.

ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ട് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ബ്ലാക്‌ബെറിയുടേതായ സുരക്ഷാ സംവിധാനങ്ങളും പ്രൊഡക്റ്റിവിറ്റി സോഫ്റ്റ്‌വെയറുകളും ഉണ്ടാവും. 2017ലാണ് സ്മാര്‍ട്‌ഫോണ്‍ ആദ്യമായി രംഗത്തിറക്കിയത്.

ഫീച്ചറുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ബ്ലാക്ക്‌ബെറി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ പുറത്തിറക്കുമ്പോള്‍ 3 ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണിന് ഇന്ത്യയില്‍  4 ജിബി റാമും 64 ജിബി സ്‌റ്റോറേജുമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 2 GHz ന്റെ ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 എസ്ഓസി ചിപ്‌സെറ്റാണ് ഫോണിനുള്ളത്.

4.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, ഡ്യുവല്‍ടോണ്‍ എല്‍ഇഡി ഫ്‌ലാഷ്, 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ. 2 ടിബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ട്. 

4 ജി വോള്‍ടി, വൈഫൈ, ബ്ലടൂത്ത് എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങള്‍ക്കൊപ്പം ആക്‌സിലറോ മീറ്റര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും കീവണിലുണ്ട്. 3505 mAh ന്റേതാണ് ബാറ്ററി. 

ഫോണിന്റെ സുരക്ഷയ്ക്കായി ബ്ലാക്‌ബെറിയുടെ ഡിടെക് ആപ്ലിക്കേഷനും ബ്ലാക്ക്‌ബെറി പാസ് വേഡ് കീപ്പര്‍ ആപ്പും ഫോണിലുണ്ടാവും. ഒപ്പം ബ്ലാക്ക്‌ബെറി ഹബ്, ബ്ലാക്‌ബെറി കലണ്ടര്‍, പ്രൊഡക്റ്റിവിറ്റി എഡ്ജ്, ബ്ലാക്‌ബെറി വര്‍ക്‌സ്‌പേസെസ് എന്നിവയും ഫോണില്‍ ഉണ്ടാവും. 

ഡ്യുവല്‍ സിം സൗകര്യമുള്ള ആദ്യ ബ്ലാക്ക്‌ബെറി സ്മാര്‍ട്‌ഫോണാണ് കീവണ്‍. ഒപ്റ്റിമസ് ഇന്‍ഫ്രാകോമുമായി സഹകരിച്ച് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ ബ്ലാക്‌ബെറി ഫോണ്‍ എന്ന പ്രത്യേകതയും കീ വണിനുണ്ട്. ഓഗസ്റ്റ് എട്ട് മുതല്‍ ആമസോണില്‍ നിന്നും ഫോണ്‍ വാങ്ങാം. വോഡാഫോണുമായി സഹകരിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 75 ജിബി ഡാറ്റയും അമേരിക്കന്‍ എക്‌സ്പ്രസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ടും നല്‍കും.