Photo: Gettyimages
നിരവധി പരിഷ്കാരങ്ങളുമായാണ് ഓരോ തവണയും ആപ്പിള്‍ ഐഫോണുകള്‍ പുറത്തിറങ്ങാറുള്ളത്. പ്രൊസസിങ് ശേഷിയും, ക്യാമറ ക്വാളിറ്റിയും, ഡിസൈനും, മറ്റ് ഉപഭോക്തൃ ക്ഷേമത്തിനായുള്ള ഫീച്ചറുകളുമെല്ലാം ഓരോ തവണയും പരിഷ്കരിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ പുതിയ സാങ്കേതിക വിദ്യകള്‍ ധൃതിപ്പെട്ട് ഐഫോണുകളില്‍ ചേര്‍ത്ത് വിപണിയില്‍ മത്സരിക്കാന്‍ ആപ്പിള്‍ പലപ്പോഴും ശ്രമിക്കാറില്ല. ഇക്കാരണം കൊണ്ടുതന്നെയാണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഏറെ മുമ്പ് പരീക്ഷിക്കപ്പെട്ടിട്ടുള്ള പല ഫീച്ചറുകളും ഐഫോണില്‍ ഇടം പിടിക്കാതെ പോവുന്നത്.
അതിന് ഉദാഹരണങ്ങളാണ് ഡിസ്പ്ലേകളുടെ വലിപ്പം പരമാവധി വര്‍ധിപ്പിക്കുന്നതിനായി കണ്ടുപിടിച്ച പഞ്ച് ഹോള്‍ ഡിസ്പ്ലേ, പോപ്പ് അപ്പ് കാമറ പോലുള്ളവ. ഐഫോണ്‍ ഇപ്പോഴും നോച്ച് ഡിസ്പ്ലേയാണ് ഐഫോണുകളില്‍ നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ പലതും ഡ്യൂഡ്രോപ്പ്, വാട്ടര്‍ ഡ്രോപ്പ് എന്നീ പേരുകളില്‍ നോച്ചിന്റെ വലിപ്പം പരമാവധി കുറച്ചിട്ടുണ്ടെങ്കിലും ഐഫോണുകൡലെ നോച്ച് ഇപ്പോഴും നീളമേറിയതാണ്.
എന്നാല്‍ ഇനിവരാനിരിക്കുന്ന ഐഫോണ്‍ 14 ഫോണില്‍ നോച്ച് ഒഴിവാക്കുമെന്നും പകരം പഞ്ച് ഹോള്‍ ക്യാമറ സ്ഥാപിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ പലതവണ ഈ റിപ്പോര്‍ട്ട് വന്നിട്ടുണ്ടെങ്കിലും ഇത്തവണ അങ്ങനെ ആവില്ല എന്നാണ് ദി എലെക് (The Elec) റിപ്പോര്‍ട്ട് ചെയ്യുന്നത്.
2022 ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 14 പരമ്പരയില്‍ ഹോള്‍-പഞ്ച് ഡിസ്പ്ലേ ആയിരിക്കുമെന്നും 6.06 ഇഞ്ച് ഐഫോണ്‍ പ്രോ, 6.7 ഇഞ്ച് ഐഫോണ്‍ പ്രോ മാക്സ് മോഡലുകളിലാണ് ഹോള്‍ പഞ്ച് ഡിസ്പ്ലേ ഉണ്ടാവുകയെന്ന് ദി എലെക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ റെഗുലര്‍ മോഡലുകളായ 6.06 ഇഞ്ച് ഐഫോണ്‍, 6.7 ഇഞ്ച് ഐഫോണ്‍ മാക്സ് എന്നീ മോഡലുകളില്‍ പഴയ നോച്ച് ഡിസ്പ്ലേ തന്നെയാണുണ്ടാവുക.
ഹോള്‍ പഞ്ച് ഡിസ്പ്ലേകളില്‍ സെല്‍ഫി ക്യാമറയ്ക്ക് മുകളിലായി ചെറിയ ദ്വാരം നല്‍കുകയാണ് ചെയ്യുക. ഇതോടെ ഐഫോണുകളില്‍ കൂടുതല്‍ വലിയ സ്ക്രീന്‍ അനുഭവം സാധ്യമാവും.
ഇത് കൂടാതെ അടുത്തവര്‍ഷം പുറത്തിറങ്ങുന്ന ഐഫോണുകളിലെ പ്രോ മോഡലുകളില്‍ ഒഎല്‍ഡി പാനലുകളില്‍ ലോ ടെംപറേച്ചര്‍ പോളി ക്രിസ്റ്റലിന് ഒക്സൈഡ് (എല്‍ടിപിഒ) തിന്-ഫിലിം ട്രാന്സിസ്റ്ററുകള് നല്‍കും. ഈ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 13 ലാണ് ആദ്യമായി എല്‍ടിപിഒ ഒഎല്‍ഇഡി പാനല്‍ ആദ്യമായി ഉപയോഗിച്ചത്. ഇതുവഴി ഡിസ്പ്ലേയ്ക്ക് 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് കൈവരും.
സാംസങ് ഡിസ്പ്ലേയാണ് എല്‍ടിപിഒ ഒഎല്‍ഇഡി പാനല്‍ വിതരണം ചെയ്യുന്നത്. എല്‍ജി ഡിസ്പ്ലേയും ഐഫോണ്‍ 14 ന് വേണ്ടിയുള്ള ഒഎല്‍ഇഡി പാനല്‍ നല്കാന് ശ്രമിക്കുന്നുണ്ട്. സ്വന്തമായി ഹോള്‍ ഡിസ്പ്ലേ, അണ്ടര്‍ ഡിസ്പ്ലേ ക്യാമറ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് എല്‍ജി ഡിസ്പ്ലേ ഇപ്പോള്‍.
സാംസങ് ഹോള്‍ ഇന്‍ ആക്റ്റീവ് ഏരിയ (HIAA) എന്ന് വിളിക്കുന്ന ലേസര്‍ ഉപകരണമാണ് ഹോള്‍ ഡിസ്പ്ലേകളില്ഉപയോഗിക്കുന്നത്. ഫിലോപ്റ്റിക്സ് ആണ് ഈ ലേസര്‍ സംവിധാനം നല്‍കുന്നത്.
2023 മുതല്‍ ചൈനീസ് കമ്പനിയായ ബോഎ (BOE)യും ആപ്പിളിന് വേണ്ടി എല്‍ടിപിഒ ടിഎഫ്ടി ഒഎല്‍ഡി പാനലുകള്‍ വിതരണം ചെയ്തേക്കുമെന്നും ദി എലക് റിപ്പോര്‍ട്ട് ചെയ്തു.
2019 ല്‍ ഗാലക്സി എസ്10 പരമ്പരയിലൂടെ സാംസങ് ആണ് ആദ്യമായി ഹോള്‍ ഡിസ്പ്ലേ സ്മാര്‍ട്ഫോണുകള്‍ അവതരിപ്പിച്ചത്.
Content Highlights: Iphone 14, Features, Punch-hole display Iphones, Apple
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..