വര്‍ഷം അവസാനത്തോടെ മൂന്ന് പുതിയ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ആപ്പിള്‍. ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും വലിയ ഐഫോണ്‍ ആയിരിക്കും. ഐഫോണ്‍ പത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് മറ്റൊന്ന്. മുന്‍ നിര ഐഫോണുകളുടെ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ വിലകുറഞ്ഞ ഐഫോണ്‍ ആയിരിക്കും മൂന്നാമത്തേത്.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. താമസിയാതെ തന്നെ പുതിയ ഫോണുകള്‍ ആപ്പിള്‍ പ്രഖ്യാപിച്ചേക്കും. എന്നാല്‍ ഈ പദ്ധതികളില്‍ മാറ്റം വരാനും സാധ്യതയുണ്ട്.

വലിയ ആഘോഷത്തോടെ അവതരിപ്പിച്ച ഐഫോണ്‍ പത്തിന് വിപണിയില്‍ ആവശ്യക്കാരെ കണ്ടെത്തുന്നതില്‍ ആപ്പിള്‍ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഐഫോണ്‍ ടെന്നിന്റെ നിര്‍മ്മാണം വെട്ടികുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. വലിയ വില തന്നെയാണ് ഉപയോക്താക്കളെ ഐറോണ്‍ പത്തില്‍ നിന്ന് അകറ്റിയത്. ഐഫോണ്‍ പത്തിന്റെ രൂപകല്‍പ്പന ആളുകള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നെങ്കിലും വിലകുറഞ്ഞ പതിപ്പ് അവതരിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഉപയോക്താക്കളുടെ ഈ ആവശ്യം കമ്പനി പരിഗണിക്കാനാണ് സാധ്യത.

ആപ്പിള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്ന ഫോണിന് 6.5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തിറങ്ങിയാല്‍ നിലവില്‍ വിപണിയിലുള്ള ഏറ്റവും വലിയ സ്മാര്‍ട്‌ഫോണുകളിലൊന്നാവും ഈ ഐഫോണ്‍. ഐഫോണ്‍ 8 പ്ലസിനോളം വലിപ്പമുള്ള ഫോണില്‍ ഡിസ്‌പ്ലേയുടെ വലിപ്പം മാത്രമാണ് വര്‍ധിപ്പിക്കുക. 

ഒരു ഫാബ് ലറ്റ് എന്ന രീതിയിലായിരിക്കും ഈ ഫോണ്‍ കമ്പനി അവതരിപ്പിക്കുക. ടാബ്ലറ്റിന്റെയും സ്മാര്‍ട്‌ഫോണിന്റെയും സമ്മിശ്ര രൂപം ആപ്പിള്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. സാംസങ് പോലുള്ള ആന്‍ഡ്രോയിഡ് കമ്പനികള്‍ ഇത്തരം ഫാബ് ലറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രൊഫഷണലുകളെയും വ്യവസായികളേയും എല്ലാം ലക്ഷ്യമിട്ടുകൊണ്ടാണ്. വിവിധോപയോഗ ഫീച്ചറുകളുമായി ഈ ഫോണ്‍ പുറത്തിറങ്ങുക. 

DD3 എന്നാണ് ഈ ഫാബ്ലെറ്റിന്റെ കോഡ് നാമം. 1242 x 2688 പിക്‌സല്‍ റസലൂഷന്‍ പ്രോടോടൈപ്പുകള്‍ ആപ്പിള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത്രയും റസലൂഷന്‍ ഉണ്ടെങ്കില്‍ ഐഫോണ്‍ ടെന്നിലേത് പോലെ കൂടുതല്‍ തീക്ഷ്ണമായുള്ള (Sharpness) ദൃശ്യങ്ങള്‍ നല്‍കാന്‍ ഈ ഫാബ്ലെറ്റ് ഡിസ്‌പ്ലേയ്ക്ക് സാധിക്കും. ഓ.എല്‍.ഇ.ഡി ഡിസ്‌പ്ലേ ഉപയോഗിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്. ഐഫോണ്‍ ടെന്നില്‍ അവതരിപ്പിച്ച 
ഫെയ്‌സ് ഐഡി സ്‌കാനറും ഇതില്‍ ഉപയോഗിക്കും.

D32 എന്ന പേരില്‍ പുറത്തിറങ്ങുന്ന ഫോണ്‍ ഐഫോണ്‍ ടെന്നിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും. രണ്ട് മോഡലുകളിലും എ12 പ്രൊസസറുകള്‍ ആയിരിക്കും ഉപയോഗിക്കുക. 

ഡ്യുവല്‍ സിം സൗകര്യം ഒരുക്കാനും ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്. ഒരു പക്ഷെ എല്ലാ മേഖലയും ഈ സൗകര്യം ലഭ്യമാക്കണമെനന്നില്ല. ഡ്യുവല്‍ സിം ഫോണുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്ന കാരണത്താലാണ് കമ്പനിയുടെ ഈ നീക്കം. അതേസമയം സിം കാര്‍ഡിന്റെ ആവശ്യമില്ലാതെ ഒന്നിലധികം നെറ്റ് വര്‍ക്കുകളുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഇ-സിം (E-SIM) സാങ്കേതിക വിദ്യയും ചിലപ്പോള്‍ ആപ്പിള്‍ പരിഗണിച്ചേക്കും. എന്നാല്‍ ചില ടെലികോം സേവന ദാതാക്കള്‍ ഈ പദ്ധതിയെ അനുകൂലിക്കുന്നില്ല. എന്നാല്‍ ഡ്യുവല്‍ സിം സംവിധാനത്തിന് എല്ലാവരും അനുകൂലമാണ്.

ഐഓഎസ് 12 എന്ന പുതിയ ഓഎസിലാവും പുതിയ ഫോണുകള്‍ പുറത്തിറങ്ങുക.