ഫോണ്‍ ടെന്‍ സ്മാര്‍ട്‌ഫോണിന്റെ വെള്ളി, സ്‌പേയ്‌സ് ഗ്രേ നിറങ്ങളിലുള്ള പതിപ്പുകള്‍ മാത്രമാണ് ആപ്പിള്‍ ആഗോള തലത്തില്‍ വിപണിയിലെത്തിച്ചിട്ടുള്ളത്. എന്നാല്‍ സ്വര്‍ണ നിറത്തിലും ഐഫോണ്‍ ടെന്‍ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിട്ടിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

അമേരിക്കയില്‍ പുതിയ ഫോണുകള്‍ പുറത്തിറക്കുന്ന സമയത്ത് ആ ഫോണിന്റെ വിശദാശങ്ങള്‍ അടങ്ങിയ രേഖ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് സമര്‍പ്പിക്കണമെന്ന നിബന്ധനയുണ്ട്. ഇങ്ങനെ എഫ്.സി.സിയ്ക്ക് മുന്നില്‍ ആപ്പിള്‍ സമര്‍പ്പിച്ച രേഖയില്‍ നിന്നാണ് ആപ്പിള്‍ സ്വര്‍ണനിറത്തിലുള്ള ഐഫോണ്‍ ടെന്‍ പതിപ്പ് പുറത്തിറക്കാനും പദ്ധതിയിട്ടിരുന്നതായി വ്യക്തമാവുന്നത്. 

ജൂലായില്‍ തയ്യാറാക്കി 2017 സെപ്റ്റംബറില്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച ഈ രേഖയില്‍ സ്വര്‍ണ നിറത്തിലുള്ള ഐഫോണ്‍ ടെന്‍ പതിപ്പിനെ കുറിച്ചുള്ള വിവരം ഈ രേഖകളില്‍ ഉണ്ടെങ്കിലും വെള്ളി, സ്‌പേയ്‌സ് ഗ്രേ നിറങ്ങളിലുള്ള ഫോണുകള്‍ മാത്രമാണ് ഐഫോണ്‍ പുറത്തിറക്കിയത്.

Iphon X
Image Credit: fccid.io

എഫ്.സി.സിയ്ക്ക് സമര്‍പ്പിക്കുന്ന രേഖകള്‍ ആറ് മാസം രഹസ്യമാക്കി സൂക്ഷിക്കണമെന്ന നിബന്ധനയുണ്ട്. അടുത്തിടെയാണ് ആപ്പിള്‍ സമര്‍പ്പിച്ച രേഖയുടെ ഈ സമയപരിധി കഴിഞ്ഞത്. 

ഫോണ്‍ അവതരിപ്പിക്കുന്നതിന് മുമ്പ് കെജിഐ സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിലെ ആപ്പിള്‍ അനലിസ്റ്റ് ആയ മിംങ് ചി കുവോ, സര്‍ണ നിറത്തിലുള്ള ഐഫോണ്‍ ടെന്‍ മോഡല്‍ ഉല്‍പാദന വെല്ലുവിളികള്‍ നേരിടുമെന്ന് പ്രവചിച്ചുകൊണ്ട് നിക്ഷേപകര്‍ക്ക് ഒരു കുറിപ്പ് അയച്ചിരുന്നു. 

പിന്നീട് ആപ്പിള്‍ ഐഫോണുകളില്‍ ഏറ്റവും വിലയേറിയ ഐഫോണ്‍ ടെന്നിന്റെ നിര്‍മ്മാണത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയും ഉല്‍പാദനം വെട്ടിക്കുറയ്ക്കുകയും ചെയ്യേണ്ടി വന്നു.

എന്തായാലും സ്വര്‍ണനിറത്തിലുള്ള ഫോണ്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും എന്താണ് കമ്പനി പിന്‍മാറാന്‍ കാരണമെന്നോ ഇനിയത് പുറത്തിറക്കുമോ എന്നോ വ്യക്തമല്ല.

സെപ്റ്റംബറില്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്താറുള്ള ആപ്പിളിന്റെ അടുത്ത ശ്രേണി ഐഫോണുകള്‍ക്കായി കാത്തിരിക്കുകയാണ് സാങ്കേതിക ലോകം. 2018 ല്‍ മൂന്ന് പുതിയ ഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് സൂചന. 

Content Highlights: Apple planned to release a gold iPhone X but it may have been scrapped